കോഴിക്കോട്: പെരുമാറ്റച്ചട്ടം ലംഘിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും ഇത് ചിത്രീകരിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അതിന് അനുവദിക്കാതെ തടഞ്ഞുവച്ച കോഴിക്കോട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി എളമരം കരീമിനെതിരെയും നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും ജില്ലാ കളക്ടർക്കും യു.ഡി.എഫ് പരാതി നൽകിയതായി യു.ഡി.എഫ് കോഴിക്കോട് ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ. പി.എം നിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതും വോട്ടർപട്ടികയിലെ ക്രമക്കേടും ചൂണ്ടിക്കാട്ടി യു.ഡി.എഫ് മണ്ഡലത്തിൽ നിന്ന് 12 പരാതികൾ നൽകിയിട്ടുണ്ടെന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്രച്ചട്ട ലംഘനങ്ങൾക്കെതിരെ പോലും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർ യു.ഡി.എഫ് പ്രചാരണവാഹനത്തിന് അനുമതി നൽകാൻ പോലും തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
'സ്‌പോർട്സ് ഫ്രട്ടേണിറ്റി' എന്ന പേരിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച വൈകീട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി ഉയർന്നത്. പരിപാടിക്കെതിരെ 31ന് തന്നെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കോഴിക്കോട് ലോക്സഭാ മണ്ഡലം റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകുകയുംചെയ്തിരുന്നു. പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച വീഡിയോഗ്രാഫർ പരിപാടി ചിത്രീകരിക്കുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനാർത്ഥി എളമരം കരീമിന്റെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് നല്ലൊരു രാജ്യാന്തര സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ ഇടത് സർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു എന്ന് വോട്ടർമാർക്ക് വാഗ്ദാനം നൽകുന്ന പ്രസംഗം നടത്തുകയായിരുന്നു. വീഡിയോയിൽ പ്രസംഗം പതിഞ്ഞു എന്ന് മനസിലാക്കിയ സ്ഥാനാർത്ഥിയും സംഘാടകരും ഭീഷണിപ്പെടുത്തി വീഡിയോ ഗ്രാഫറെ ബലമായി സ്റ്റേജിന് പിന്നിലുള്ള ഗ്രീൻ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അദ്ദേഹത്തെ അരമണിക്കൂറോളം തടവിൽ വെക്കുകയും ചെയ്തു. അവിടെ വച്ച് ചിത്രീകരിച്ച വീഡിയോ ബലമായി നീക്കം ചെയ്തതായി സംശയമുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമും, മുൻ എം.എൽ.എ എ. പ്രദീപ് കുമാറും മറ്റൊരു വ്യക്തിയും ചേർന്ന് ക്യാമറാമാനെ ബലമായി പിടിച്ചുകൊണ്ടുപോകുന്ന വീഡീയോ ദൃശ്യം പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പേരിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. പ്രചാരണത്തിനായി കോഴിക്കോട് കോർപ്പറേഷന്റെ കീഴിലുള്ള തടമ്പാട്ടുതാഴം ഗാന്ധി പാർക്ക് ഉപയോഗപ്പെടുത്തിയതിനെതിരെയും നടപടി വേണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.സി. മായിൻഹാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.