anitha
പി.ബി അനിതയെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച്‌

കോഴിക്കോട്: ''സത്യത്തിന് വേണ്ടി നിലയുറപ്പിച്ച ഞാൻ ഇതുവരെ ഒരു തെറ്രിനും പോയിട്ടില്ല. പീഡനത്തിനിരയായ അതിജീവിതയ്ക്കൊപ്പമാണ് നിന്നത്. അതിന് ഒരു വർഷത്തിലധികമായി ഞാൻ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി സഹിക്കാൻ വയ്യ. ജോലിയിൽ തിരിച്ചെടുക്കുന്നത് വരെ ഉപവാസ സമരം തുടരും'' സ്ഥലംമാറ്റ ഉത്തരവിനെതിരെ കോടതിവിധിയുണ്ടായിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് മെഡി.കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുമ്പിൽ ഉപവാസ സമരമാരംഭിച്ച സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി.അനിത നിറകണ്ണുകളോടെ പറഞ്ഞു.

മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ജീവനക്കാരന്റെ പീഡനത്തിനിരയായ യുവതിയ്ക്കനുകൂലമായി മൊഴി നൽകിയതിന് സ്ഥലം മാറ്റിയെന്നായിരുന്നു ഇവരുടെ ആരോപണം. ഇടുക്കിയിലേക്കായിരുന്നു സ്ഥലംമാറ്റം. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല വിധിയുമായി കഴിഞ്ഞ ദിവസമാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ അനിത മെഡിക്കൽ കോളേജിലെത്തിയത്. എന്നാൽ പ്രിൻസിപ്പൽ അവധിയായതിനാൽ കാണാൻ സാധിച്ചില്ല. കോടതി ഉത്തരവ് നടപ്പാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം വേണമെന്നും അത് ലഭിക്കാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പ്രിൻസിപ്പലിന് പകരം ചുമതലയുള്ള കോളേജ് സീനിയർ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ എൻ. പത്മനാഭൻ അറിയിച്ചു. വെെകീട്ട് വരെ മെഡി.കോളേജിൽ കാത്തിരുന്നിട്ടും അനിതയെ ജോലിയിൽ പ്രവേശിപ്പിച്ചിരുന്നില്ല.തുടർന്ന് അനിത ഇന്നലെ ആശുപത്രിയിലെത്തിയെങ്കിലും ജോലിയിൽ തിരിച്ചെടുത്തില്ല. തുടർന്നാണ് പ്രതിഷേധം ശക്തമാക്കിയത്. അതേ സമയം തന്നെ ജോലിയിൽ പ്രവേശിപ്പിക്കാൻ കോടതിയിൽ നിന്ന് ഡി.എം.ഇ, പ്രിൻസിപ്പൽ എന്നിവർക്ക് ഉത്തരവ് പോയിട്ടുണ്ടെന്നും തന്നെ ബോധപൂർവം മാറ്റി നിറുത്തുകയാണെന്നും അനിത പറഞ്ഞു.

20 വർഷമായി മെഡിക്കൽ കോളേജിൽ ജോലി ചെയ്ത വ്യക്തിയാണ്. സത്യത്തിനൊപ്പം നിന്നതിന് കൂടെ ജോലി ചെയ്യുന്നവരിൽ നിന്ന് പോലും മോശമായ പ്രതികരണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ചെയ്തത് തെറ്റാണെങ്കിൽ അതിൽ എന്ത് ശിക്ഷ തന്നാലും സ്വീകരിക്കും. ഇനിയും അതിജീവിതയ്ക്കൊപ്പം നിൽക്കാനാണ് തീരുമാനം. കോടതിയലക്ഷ്യത്തിന് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവിൽ പ്രവേശിപ്പിച്ച യുവതിയെ കഴിഞ്ഞ മാർച്ച് 18 നാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതി പിൻവലിക്കാൻ ആശുപത്രിയിലെ അഞ്ച് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യവകുപ്പിനെ സമീപിക്കുകയായിരുന്നു. ഇതിനിടെയിലായിരുന്നു അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.

@പ്രതിഷേധം ശക്തം

അനിതയെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി . കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ ഉദ്ഘാടനം ചെയ്തു.

കേരള ഗവ. നഴ്സസ് യൂണിയൻ, എൻ.ജി.ഒ അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ഗവ. നഴ്സസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കെ എസ് മുഖ്യപ്രഭാഷണം നടത്തി. കെ.ദിനേശൻ, ബിന്ദു പി.കെ, പി വിനയൻ എന്നിവർ പ്രസംഗിച്ചു. കേരള ഗവ. നഴ്സസ് യൂണിയൻ ജില്ലാ പ്രസിഡന്റ് സജിത്ത് ചെരണ്ടത്തൂർ സ്വാഗതം പറഞ്ഞു. ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അനിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരസ്ഥലം സന്ദർശിച്ചു. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് നാഴികയ്ക്ക് നാൽപ്പത് വട്ടം പ്രസംഗിക്കുന്ന ആരോഗ്യമന്ത്രി കോടതി ഉത്തരവുമായി വന്നിട്ടും ജോലി നിഷേധിക്കപ്പെട്ട വനിതയെക്കുറിച്ച് എന്ത് പറയുന്നുവെന്നറിയാൻ ജനാധിപത്യ കേരളം കാതോർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

@ സഹായിക്കുന്നവരെ ദ്രോഹിക്കുന്ന നടപടി; അതിജീവിത

ഒപ്പമുണ്ടെന്ന് സർക്കാരെന്ന് പറയുമ്പോഴും അത് സത്യമല്ലെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവങ്ങളെന്ന് അതിജീവിത. സഹായിക്കുന്നവരെ ദ്രോഹിക്കുന്ന നടപടിയാണുണ്ടാകുന്നത്. സ്ഥലം മാറ്റ ഉത്തരവിനെതിരെ കോടതിവിധിയുണ്ടായിട്ടും തനിക്കൊപ്പം നിന്നതിന് സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി.അനിതയ്ക്ക് ജോലിൽ പ്രവേശിക്കാനാകുന്നില്ല. ഇത് പ്രതികരിക്കാൻ മനസുള്ളവരെ കൂടെ പിന്നോട്ടടിപ്പിക്കുന്ന നടപടിയാണ്. സംഭവത്തിൽ അഡ്മിനിസ്ട്രറ്റീവ് ഓഫീസറെ കണ്ട് അതിജീവിത പ്രതിഷേധമറിയിച്ചു. സാമൂഹ്യപ്രവർത്തകൻ നൗഷാദ് തെക്കയിലും കൂടെ ഉണ്ടായിരുന്നു.സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അവർ അറിയിച്ചു.