കോഴിക്കോട്: 1951ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ബാലറ്റ് പെട്ടി, സ്ഥാനാർത്ഥികൾ പ്രചാരണത്തിന് ഉപയോഗിച്ച മെഗാഫോൺ, അരിവാളും ഏണിയും കൈപ്പത്തിയും പതിഞ്ഞ കല്ലച്ചുകൾ. നടക്കാവ് സ്വദേശിയായ എം.കെ. ലത്തീഫ് പുതിയ സൈബർ തിരഞ്ഞെടുപ്പുകാലത്തും പഴമകളെ നെഞ്ചോടുചേർക്കുകയാണ്. കാലമെത്രമാറിയാലും പുതുതലമുറ അറിയണം പഴയകാലത്തെ തിരഞ്ഞെടുപ്പോട്ടത്തെക്കുറിച്ച്. അവർക്കുവേണ്ടിയാണ് താനിപ്പോഴും ഇതെല്ലാം സൂക്ഷിക്കുന്നതെന്ന് ലത്തീഫ്.
പുരാവസ്തു ശേഖരത്തോടുള്ള തന്റെ കമ്പം കണ്ട് വടകരയിലുള്ള സുഹൃത്ത് തന്നയച്ചതാണ് ബാലറ്റ് പെട്ടി. പിന്നീട് മെഗാഫോണും കല്ലച്ചുകളും പഴയ നൗട്ടീസുകളുമെല്ലാം പിറകേ വന്നു. കോഴിക്കോട് ജില്ലയിൽ നിന്ന് മത്സരിച്ച ഓരോ സ്ഥാനാർത്ഥികളുടെയും തിരഞ്ഞെടുപ്പ് നോട്ടീസുകൾ പിഞ്ഞിക്കീറിയെങ്കിലും എല്ലാം കരുതലോടെ സൂക്ഷിക്കുകയാണ്, ലത്തീഫ്. തിരഞ്ഞെടുപ്പ് സാമഗ്രികൾക്ക് പുറമേ നാണയ ശേഖരണമടക്കം നിരവധിയായ പുരാവസ്തുക്കളുണ്ട് ലത്തീഫിന്റെ വീട്ടിൽ. കറൻസിയിൽ വരുന്ന സീരിയൽ നമ്പറുകൾ ജന്മദിനമായി വരുന്നവർക്ക് സമ്മാനമായി നൽകാറുണ്ട്. അവരിൽ കൂടുതലും
മന്ത്രിമാരും സിനിമാതാരങ്ങളും. വ്യത്യസ്ത രാജ്യങ്ങളിലെ 75,100 തരം നാണയങ്ങളുണ്ട് ശേഖരത്തിൽ. കൂടുതലും ശേഖരിച്ചത് വിദേശത്തുനിന്ന് . നാണയ ശേഖരത്തിന്റെ പ്രദർശനവും നടത്താറുണ്ട് ലത്തീഫ്. ജില്ലയിലെ ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് ലത്തീഫ്. എണ്ണായിരത്തിലധികം വരുന്ന സീരിയൽ നമ്പർ ഉള്ള കറൻസി ശേഖരണത്തിൽ ലോക റെക്കോർഡും യു.ആർ.എഫ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും നേടിയിട്ടുണ്ട്.
ഉമ്മ സൈനബയും ഭാര്യ അനീഷയും മക്കളായ മിശാലും മിനാസയുമടങ്ങുന്ന കുടുംബമാണ് ലത്തീഫിന്റേത്. പുരവസ്തു ശേഖരണത്തിനൊപ്പം ജീവിതമാർഗമായി ഒരു ബേക്കറിയും നടത്തുന്നു. തന്റെ പക്കലുള്ള പുരാവസ്തുക്കൾ സ്ഥിരമായി പ്രദർശിപ്പിക്കാൻ സ്വന്തമായിട്ടൊരു ആർട്ട് ഗ്യാലറിയാണ് ഇനി ലത്തീഫിന്റെ ലക്ഷ്യം.