കോഴിക്കോട് : മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയും ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ടതും ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂടുള്ള ചർച്ചയായി. തിങ്കളാഴ്ച നളന്ദ ഓഡിറ്റോറിയത്തിൽ സ്‌പോർട്സ് ഫ്രറ്റേണിറ്റിയുടെ പേരിൽ നടത്തിയ കായിക ചർച്ചാ വേദിയിൽ മന്ത്രി നടത്തിയ പ്രസംഗം പെരുമാറ്രച്ചട്ടം ലംഘിക്കുന്നതാണെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ആരോപണം കടുത്തതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയെങ്കിലും യു.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിലുടനീളം വിഷയം ഉന്നയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക നൽകാനിരിക്കെയാണ് വിവാദം കത്തിപ്പടർന്നത്. വടകര ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയും എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനും കോഴിക്കോട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമും എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശും ഇന്ന് പത്രിക സമർപ്പിക്കും.
ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയാണ് ശൈലജ പത്രികസമർപ്പണത്തിനിറങ്ങുക.
എളമരം കരീം രാവിലെ ഏഴിന് നടുവട്ടത്ത് പേരോത്ത് രാജീവൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് 8.30ന് കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ സ്വാതന്ത്ര്യസമര പോരാളികൾക്ക് സ്മരണാഞ്ജലി അർപ്പിക്കും. തുടർന്ന്
എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും സിവിൽ സ്റ്റേഷനടുത്ത് കേന്ദ്രീകരിക്കും. അവർക്കൊപ്പമാണ് സ്ഥാനാർത്ഥി കളക്ടറേറ്റിലേക്ക് നീങ്ങുക.
എം.ടി രമേശ് രാവിലെ 11.30ന് നാമനിർദേശ പത്രിക സമർപ്പിക്കും. എൻ.ഡി.എ, ബി.ജെ.പി. നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും സംബന്ധിക്കും. എരഞ്ഞിപ്പാലത്ത് നിന്നും പ്രവർത്തകരോടൊപ്പം തുറന്ന വാഹനത്തിലാണ് എം.ടി.രമേശ് കലക്ട്രേറ്റിലേക്കെത്തുക. വടകരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.ആർ പ്രഫുൽകൃഷ്ണൻ റോഡ്ഷോയുടെ അകമ്പടിയോടെ 11നാണ് പത്രിക സമർപ്പിക്കുക. വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാളെ പത്രിക നൽകും.
@ വീറോടെ സ്ഥാനാർത്ഥികൾ
കോഴിക്കോട്: വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി. തിക്കോടിയിലെ പ്രചാരണത്തിന് ശേഷം പയ്യോളിയിൽ റോഡ് ഷോ നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ തലശ്ശേരിയിലും കൂത്തുപറമ്പിലും പ്രചാരണം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ കുറ്റ്യാടി മണ്ഡലം കൺവെൻഷൻ ആയഞ്ചേരിയിൽ നടന്നു. നാദാപുരം മണ്ഡലം കൺവെൻഷനിൽ സി.പി .എം വിട്ട് ബി.ജെ.പിയിലേക്ക് എത്തിയ വളയം സ്വദേശികളായ വേങ്ങോൽ രതീഷ് , വേങ്ങോൽ ശങ്കരൻ, മണലോടി കണാരൻ എന്നിവരെ സ്വീകരിച്ചു.
കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ ഇന്നലെ ബേപ്പൂർ നിയോജകമണ്ഡലത്തിൽ പ്രചാരണം നടത്തി. മണ്ഡലത്തിലെ 18 കുടുംബസംഗമങ്ങളിലാണ് സ്ഥാനാർത്ഥി ഇന്നലെ പങ്കെടുത്തത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം കുന്ദമംഗലം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. കീഴ്മാടിൽ നിന്നും പര്യടനം ആരംഭിച്ചു. ചേരിഞ്ചാൽ, പെരിങ്ങൊളം, മുണ്ടക്കൽ, കുരിക്കത്തൂർ, കൂഴക്കോട്, ചേനോത്ത്, ഏരിമല, മാവൂർ, മണക്കാട്, പെരുവയൽ, പെരുമൺപുറ, വള്ളിക്കുന്ന്, മണക്കടവ്,കൊടൽനടക്കാവ്, ഒടുമ്പ്ര,പാലാഴി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പാലാഴിയിലെ തൊഴിലുറപ്പ് തൊഴിലാളികളികളിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് കെട്ടിവയ്ക്കാനുള്ള തുക സ്വീകരിച്ചു.