@എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിനായി കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കോഴിക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം, എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ്, ബി. എസ് .പി സ്ഥാനാർത്ഥി അറുമുഖൻ, വടകര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. കെ. ശൈലജ, എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വരണാധികാരിയായ ജില്ലാകളക്ടർ സ്‌നേഹിൽകുമാർ സിംഗ് മുമ്പാകെ എളമരം കരീം മൂന്ന് സെറ്റ് പത്രികയും എം.ടി. രമേശ് രണ്ട് സെറ്റ് പത്രികയും അറുമുഖൻ ഒരു സെറ്റ് പത്രികയും നൽകി. വടകര ലോകസഭാ മണ്ഡലം വരണാധികാരി എ.ഡി.എം കെ. അജിഷ് മുമ്പാകെ കെ.കെ. ശൈലജ മൂന്ന് സെറ്റ് പത്രികയും പ്രഫുൽ കൃഷ്ണൻ ഒരു സെറ്റ് പത്രികയും നൽകി.
വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്ന് പത്രിക സമർപ്പിക്കും. കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ നേരത്തെ പത്രിക സമർപ്പിച്ചിരുന്നു. ഇന്നാണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തിയതി.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി.പി. രാമകൃഷ്ണൻ എം.എൽ.എ., എം.വി. ശ്രേയാംസ് കുമാർ, സി.പി.ഐ. ജില്ലാസെക്രട്ടറി കെ.കെ. ബാലൻ എന്നിവർക്കൊപ്പമാണ് എളമരം കരീം പത്രിക സമർപ്പിക്കാനെത്തിയത്. എൽ.ഡി.എഫ് പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും ഷാളണിയിച്ചും റോസാപ്പൂക്കൾ നൽകിയും മുദ്രാവാക്യം വിളിച്ച് വിജയാഭിവാദ്യമർപ്പിച്ചുമാണ് എളമരം കരീമിനെ നാമനിർനിർദേശപത്രിക നൽകാൻ ആനയിച്ചത്. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനമായെത്തി.
രാവിലെ നടുവട്ടത്തെ രാജീവൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയും കോഴിക്കോട് ബീച്ച് രക്തസാക്ഷി മണ്ഡപത്തിൽ സ്മരണാഞ്ജലി അർപ്പിച്ചുമാണ് എളമരം കരീം നാമനിർദേശ പത്രികാ സമർപ്പണത്തിനെത്തിയത്.
എരഞ്ഞിപ്പാലത്ത് നിന്ന് റോഡ്ഷോയുടെ അകമ്പടിയോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി.രമേശ് പത്രിക സമർപ്പിക്കാനെത്തിയത്. പാലാഴിയിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് എം.ടി. രമേശിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, ലോക്സഭാ മണ്ഡലം ഇൻ ചാർജ് കെ.നാരായണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഒഞ്ചിയം ബലികുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചും വടകര അഞ്ചുവിളക്കിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം ഭരണ ഘടന സംരക്ഷണ പ്രതിജ്ഞയെടുത്തുമാണ് കെ.കെ. ശൈലജ നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയത്.
ബി.ജെ.പി ദേശീയ നീർവാഹ സമതി അംഗം കെ.പി. ശ്രീശന്റെ നേതൃത്വത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനെത്തിയത് , ബി.ഡി. ജെ.എസ് സംസ്ഥാന സെക്രട്ടറി വി. മനീഷ്, ബി .ജെ. പി . മേഖലാ വൈ.പ്രസിഡന്റ് എം. പി. രാജൻ, ബി. ജെ. പി .കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ .ഹരിദാസൻ , കാമരാജ് കോൺഗ്രസ് നേതാവ് സന്തോഷ് കാളിയത്ത്, സ്ഥാനാർത്ഥി ഇൻ ചാർജുമാരായ അഡ്വ. വി. ദിലീപ്, അഡ്വ. വി. സത്യൻ എന്നിവർ അനുഗമിച്ചു.
പ്രചാരണത്തിന് ഉണർവേകി രാഹുൽഗാന്ധിയുടെ വരവ്
പ്രചാരണത്തിന് ഉണർവേകി രാഹുൽഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റോഡ്ഷോ. രാഹുൽ ഗാന്ധി പ്രചരാണത്തിനെത്തിയതോടെ കോഴിക്കോട്ടും യു.ഡി.എഫ് ക്യാമ്പ് ആവേശത്തിലായി. എലത്തൂർ നിയോജക മണ്ഡലത്തിലായിരുന്നു കോഴിക്കോട് ലോക്സഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ പ്രചാരണം. പ്രചാരണ പരിപാടി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൊപ്ര ബസാർ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കോടതിയിൽ അഭിഭാഷകരെയും ജീവനക്കാരെയും ന്യായാധിപരെയും കണ്ടു. ജില്ലാ ആശുപത്രിയിലെത്തി. തുടർന്ന് താഴങ്ങാടിയിൽ വോട്ടുതേടി.
അനുമതിയില്ലാതെ റാലികളും റോഡ് ഷോകളും പാടില്ല
കോഴിക്കോട് : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികൾ, പൊതുയോഗങ്ങൾ, റോഡ് ഷോകൾ തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുൻകൂർ അനുമതി വാങ്ങണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ജില്ലാ കളക്ടർ കത്ത് നൽകി. മുൻകൂർ അനുമതിയില്ലാതെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കരുതെന്നും ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി. മുൻകൂർ അനുമതിക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏകജാലക പോർട്ടലായ സുവിധ വഴി ഓൺലൈനായി അപേക്ഷിക്കാം. suvidha.eci.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിച്ച് ഏഴു ദിവസത്തിനുള്ളിൽ പരിപാടികൾ നടത്തണം. പരിപാടി നടത്തേണ്ട സമയത്തിന് കുറഞ്ഞത് 48 മണിക്കൂർ മുമ്പായി അപേക്ഷ നൽകണം. ഒരേ ദിവസം ഒന്നിൽ കൂടുതൽ പരിപാടികൾ ഉണ്ടെങ്കിൽ അതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കണം.