tipper
tipper

കോഴിക്കോട്: പരിശോധനകൾ ശക്തമാക്കുമ്പോഴും അമിതഭാരം കയറ്റിയ ലോറികൾ നിരത്തുകൾ ചോരക്കളമാക്കുന്നു. വിവിധ ക്വാറികളിൽ നിന്ന് യാതൊരു സുരക്ഷയും പാലിക്കാതെ തോന്നിയ പടിയാണ് അമിതഭാരം നിറച്ച്ലോറികൾ സർവീസ് നടത്തുന്നത്. 15 ടൺ ഭാരം കയറ്റേണ്ട വാഹനങ്ങളിൽ 45 മുതൽ 50 ടൺവരെ ലോഡുകളാണ് കയറ്റുന്നത്. ഇതുമൂലം പലപ്പോഴും വാഹനത്തിൽ നിന്ന് ലോഡുകൾ തെറിച്ചുവീഴുകയും അപകടമുണ്ടാകുകയും ചെയ്യുന്നു. മാത്രമല്ല ഭാരം മൂലം റോഡുകൾ തകരുന്നതും നിത്യസംഭവമാണ്.

ജില്ലയിലെ മലയോര മേഖലകളിലെ നിത്യേനയുള്ള കാഴ്ച്ചയാണിത്. കരിങ്കല്ലും ചെങ്കല്ലും മറ്റും കൊണ്ട് പോകുമ്പോൾ വണ്ടിയിൽ നിന്ന് താഴെ വീഴാതിരിക്കുന്നതിനായി ടാർപ്പായയോ മറ്റോ വലിച്ച് കെട്ടണമെന്നാണ് നിയമം. എന്നാൽ വില കുറഞ്ഞ നേരിയ പച്ചനെറ്റാണ് പലരും ഉപയോഗിക്കുന്നത്. 25 ലോഡ് കയറ്റാൻ അനുമതിയുള്ള ടിപ്പറിൽ പലപ്പോഴും 35 40 ടൺ ഭാരം കയറ്റും. ലോറിയുടെ ഭാരം കയറ്റുന്ന ഭാഗത്തിന് അനുമതിയില്ലാതെ ഉയരംകൂട്ടിയാണ് ലോഡ് നിറയ്ക്കുന്നത്. ഇതുമൂലം വാഹനം വേഗത കൂടുമ്പോൾ ഡ്രൈവർക്ക് നിയന്ത്രിക്കാൻ കഴിയാതെയാകും. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്.

@ അമിത വേഗതയും വില്ലൻ

ടിപ്പർ ലോറികളുടെ അമിതവേഗം ജില്ലയിൽ പലയിടങ്ങളിലും അപകടത്തിന് കാരണമാകുന്നുണ്ട്. ടിപ്പർ ലോറി ശരീരത്തിൽ കയറിയിറങ്ങി കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു.

ടിപ്പറുകൾക്ക് അനുവദനീയമായ പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്ററാണ്. എന്നാൽ ഇതു മറികടന്നാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. കാൽനടയാത്രക്കാരും ഇരുചക്രവാഹനം ഓടിക്കുന്നവരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടുപോകുന്നത്. നിയമത്തിലെ പഴുതാണ് ടിപ്പർ ഓടിക്കുന്നവർക്ക് വളംവെച്ചു കൊടുക്കുന്നതെന്ന ആരോപണവും ശക്തമാണ്.പിഴ അടച്ച് കഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ വാഹനമോടിച്ച് കൂടുതൽ ലോഡ് എത്തിച്ച് ലാഭമുണ്ടാക്കുകായെന്ന ലക്ഷ്യത്തോടെയാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ.

@ കേസുകളും കൂടുതൽ

ലോറികളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളാണ് മോട്ടോർ വാഹന വകുപ്പ്

എൻഫോഴ്സ്മെന്റ് വിഭാഗം ദിവസേനേ ഫയൽ ചെയ്യുന്നത്. ഈ വർഷം ഇതുവരെ 300 ഡ്രെെവർമാരുടെ ലെെസൻസാണ് സസ്പെന്റ് ചെയ്തത്.

# പിഴ- 2000- 50,000 വരെ

''മോട്ടോർ വാഹന എൻഫോഴ്സമെന്റിന്റെ നേതൃത്വത്തിൽ കർശന പരിശോധനയാണ് നടക്കുന്നത്''- ബി. ഷെഫീഖ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ

കരിങ്കല്ല് തെറിച്ചു വീണു, ഒഴിവായത് വൻ അപകടം

കോഴിക്കോട്: കൂടരഞ്ഞി മേലെ കൂമ്പാറയിൽ അമിത ഭാരം കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു, ഒഴിവായത് വൻ അപകടം. സ്‌കൂൾ കുട്ടികളും, യാത്രക്കാരും ബസ് കാത്ത് നിൽക്കാറുള്ളതിന് തൊട്ടടുത്തായാണ് കല്ല് വീണത്. കൂമ്പാറ മാതാളി ക്വാറിയിൽ നിന്നും കല്ല് കൊണ്ടുപോകുന്ന ലോറിയിൽ നിന്നാണ് കല്ല് പുറത്തേക്ക് തെറിച്ച് വീണത്. ഈ ക്വാറിയിൽ കൃത്യമായ അളവിൽ കല്ല് കയറ്റിവിടുന്നതിനായി വെയ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടില്ല.