anitha
സീനിയർ നഴ്സിംഗ് ഓഫീസർ അനിതയെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിട്രേറ്റീവ് ഓഫീസർ പത്മനാഭനെ ഘരാവൊ ചെയ്ത യു.ഡി.വൈ.എഫ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പീഡിപ്പിക്കപ്പെട്ട യുവതിക്കൊപ്പം നിന്നതിന് സ്ഥലംമാറ്റപ്പെട്ട സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി.അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഇനിയും നടപടിയില്ല. ഹൈക്കോടതി വിധിയുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് അനിത പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ച് നാല് ദിവസം പിന്നിടുമ്പോഴും ചർച്ചയ്ക്കോ നടപടിക്കോ അധികൃതർ ശ്രമിച്ചിട്ടില്ല. കോടതി ഉത്തരവ് നടപ്പാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം വേണമെന്നുള്ള നിലപാടിലാണ് മെഡി.കോളേജ് അധികൃതർ ഇപ്പോഴും. സംഭവത്തിൽ അനിത കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് അനിത കേ​സ് ന​ൽകി. അതേ സമയം അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രിൻസിപ്പലിനെ ഉപരോധിച്ചു. കോടതി ഉത്തരവിന് ശേഷവും അനിതയ്ക്ക് നീതി നിഷേധിച്ചു കൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ നടപടികൾ പ്രതിഷേധാർഹമാണെന്ന് അന്വേഷി സംഘടനാ ഭാരവാഹികൾ അറിയിച്ചു. മാത്രമല്ല വിവിധ സംഘടനകളും ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരെയുള്ള നീതി നിഷേധം രാഷ്ട്രീയപ്രേരിതമാണെന്നും തിരികെ ജോലിയിൽ കയറ്റുംവരെ മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തുമെന്നും അവർ വ്യക്തമാക്കി.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവിൽ കഴിയുകയായിരുന്ന യുവതിയെ 2023 മാർച്ച് 18നാണ് അറ്റൻഡറായ ശശീന്ദ്രൻ പീഡിപ്പിച്ചത്. തുടർന്ന് പരാതി പിൻവലിക്കാൻ ആശുപത്രിയിലെ അഞ്ച് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിച്ചു. അതിനിടെയാണ് അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസർ അനിതയുടെ സ്ഥലംമാറ്റവുമുണ്ടായത്.

സമരം തുടരുമെന്ന് നേതാക്കൾ

കോഴിക്കോട്: പി. ബി. അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെ ഉപരോധിച്ചു. നീതി നിഷേധത്തിനെതിരെ പ്രിൻസിപ്പൽ ഓഫിസിന് മുമ്പിൽ സമരം ചെയ്യുന്ന അനിതയ്ക്ക് യു.ഡി.വൈ.എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുന്നില്ലെങ്കിൽ സമരം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് അധികൃതരുമായി നടത്തിയ ചർച്ചയിൽ യു.ഡി.വൈ.എഫ് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെയും ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ.പത്മനാഭനെ ഉപരോധിച്ചത്.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്തീൻകോയ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ, എം.ഷിബു, ഷഫീക്ക് അരക്കിണർ, എ.ഷിജിത്ത് ഖാൻ, ഷൗക്കത്ത് വിരുപ്പിൽ എന്നിവർ നേതൃത്വം നൽകി. ഉപരോധസമരം നീണ്ടതോടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. ഇതിനിടെ കെ.കെ.രമ എം.എൽ.എ അനിതയെ സന്ദർശിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി രമ ഫോണിൽ സംസാരിച്ചു.