 
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവൃത്തികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയ നാല് നിരീക്ഷകർ കൂടി എത്തി. ഇതോടെ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി നിയോഗിച്ച ആറ് നിരീക്ഷകരും എത്തിച്ചേർന്നു. പൊതു നിരീക്ഷകരായ ഇഫാത്ത് അറ, ഡോ. സുമീത് കെ. ജാറങ്കൽ, പൊലീസ് നിരീക്ഷകരായ അശോക് കുമാർ സിംഗ് , ഡോ. ഭൻവർലാൽ മീണ എന്നിവരാണ് ഇന്നലെ എത്തിയത്. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ മോണിക്ക ഹർഷദ് പാണ്ടെ, ഡോ സുനിൽ എൻ റാനോട്ട് എന്നിവർ നേരത്തെ എത്തിയിരുന്നു.
രണ്ട് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു ഒരുക്കങ്ങൾ അവലോകനം ചെയ്തശേഷം നിരീക്ഷകർ പൂർണ തൃപ്തി പ്രകടിപ്പിച്ചു. കുറ്റമറ്റ രീതിയിലാണ് ക്രമീകരണങ്ങൾ മന്നോട്ടുപോകുന്നത്. വരും ദിവസങ്ങളിൽ പോളിംഗ് സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും നേരിൽ സന്ദർശിക്കുമെന്ന് ഇന്നലെ വൈകീട്ട് നടന്ന അവലോകന യോഗത്തിൽ ഡോ സുമീത്.കെ ജാറങ്കൽ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽ നിന്നും മൂന്ന് നിരീക്ഷകർ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് നേരിൽ പരാതി സ്വീകരിക്കാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരാതി സ്വീകരിക്കും.