കോഴിക്കോട്: വിഷു വിപണിയിൽ 'പുത്തൻകലം മയക്കാൻ' മൺപാത്രങ്ങളുമായി വിൽപ്പനക്കാർ സജീവം. ചടങ്ങിന്റെ ഭാഗമായി മൺപാത്രങ്ങളുടെ വലിയ ശേഖരമാണ് കോഴിക്കോട് ജില്ലയുടെ വിവിധയിടങ്ങളിലായി ഒരുങ്ങിയിരിക്കുന്നത്. കാർഷിക ഉത്സവം കൂടിയായ വിഷുവിന് പുത്തരിച്ചോറ് പുത്തൻ കലത്തിൽ വയ്ക്കുന്ന പഴയകാല ആചാരത്തിന്റെ തുടർച്ചയായാണ് ഇന്നും വിഷുവിന് കലം മയക്കൽ ചടങ്ങ് വീടുകളിൽ നടക്കുന്നത്. ചെറിയ കലത്തിന് 60 രൂപ മുതലും വലിയ കലങ്ങൾക്ക് 400 രൂപ വരെയുമാണ് വില.
വിപണിയിൽ കലങ്ങൾക്ക് ആവശ്യക്കാർ കുറവാണെങ്കിലും വിഷുവിന് സാധാരണയിലും കൂടുതൽ കച്ചവടം ലഭിക്കുന്നതിനാൽ വഴിയോരങ്ങളിൽ കച്ചവടക്കാർ നേരത്തെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ചൂട് കൂടിയതോടെ കൂജയ്ക്കും ആവശ്യക്കാരുണ്ട്. ചെറിയ കൂജകൾക്ക് 350 മുതലാണ് വില. വലിയ കൂജകൾക്ക് 800 രൂപ. മൺശിൽപ്പങ്ങൾക്കും ആവശ്യക്കാരേറെയാണ്. ബുദ്ധൻ, കൃഷ്ണൻ, സൂര്യമുഖം എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഡൽഹിയിൽ നിന്നും രാജസ്ഥാനിൽ നിന്നുമാണ് ശിൽപ്പങ്ങൾ എത്തിക്കുന്നത്. ജില്ലയിൽ പരമ്പരാഗത മൺപാത്രനിർമ്മാണക്കാർ കുറവാണ്. കളിമൺ ക്ഷാമം രൂക്ഷമായതോടെ പരമ്പരാഗതമായി ചെയ്തുവരുന്നവരും പാലക്കാട് നിന്ന് കലം എത്തിച്ചാണ് കച്ചവടം ചെയ്യുന്നത്.
വിളവെടുപ്പ് തുടങ്ങി; കണി കാണാൻ വെള്ളരികൾ റെഡി
കോഴിക്കോട്: വിഷുവിന് കണികാണാൻ കണിവെള്ളരികൾ നേരത്തെയെത്തി. വിഷുവിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് ആവശ്യക്കാർ ഏറുന്നതെങ്കിലും കനത്ത ചൂട് കൊണ്ട് വെള്ളരി പൊട്ടിക്കീറുന്നത് ഒഴിവാക്കാനാണ് മഞ്ഞ നിറമാകുമ്പോഴേക്കും വെള്ളരികൾ വിളവെടുത്തു തുടങ്ങിയത്. കിലോയ്ക്ക് 65 രൂപയെങ്കിലും വിലകിട്ടുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഫെബ്രുവരി ആദ്യത്തിൽ കൃഷിയിറക്കുന്ന വെള്ളരി വിഷു അടുക്കുന്നതോടെ വിളഞ്ഞ് പാകമാകും. കണിവെള്ളരി വിളവെടുക്കുന്നതോടെ വിഷുവിനു മുമ്പുള്ള വെറും രണ്ടോ മൂന്നോ ദിവസത്തെ കച്ചവടത്തിലാണു കർഷകരുടെ മുഴുവൻ പ്രതീക്ഷയും.
പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്ത ഒരേക്കർ സ്ഥലത്തെ കണിവെള്ളരികളാണ് മാവൂർ പാടത്ത് വിളവെടുത്തത്. വിളവെടുത്ത വെള്ളരിയുടെ നല്ല ഇനത്തിൽപെട്ടവയുടെ മാറ്റിവയ്ക്കുന്ന വിത്തുകളാണ് അടുത്ത വർഷത്തേക്ക് നടാനായി ഉപയോഗിക്കുന്നത്. വീടുകളിൽ തന്നെ നാടൻ രീതിയിൽ വിത്തുകൾ ഉണക്കിയെടുക്കും. വേനലിൽ പെയ്യുന്ന മഴ മറ്റ് കൃഷിക്ക് ഉപകാരപ്രദമാണെങ്കിലും വെള്ളരി കൃഷിക്ക് ദോഷമാണ്. മഴയേറ്റാൽ മൂത്ത കണിവെള്ളരി അടക്കം പൊട്ടി നശിക്കും. മുൻ വർഷത്തെ അപേക്ഷിച്ച് ഇടയ്ക്കുള്ള മഴയും കടുത്ത വെയിലുമെല്ലാം കാരണം ഇത്തവണ വിളവ് കുറവാണ്. അതുകൊണ്ടുതന്നെ വിഷു അടുക്കുന്നതോടെ വെള്ളരി വില കൂടുമെന്നാണ് കർഷകർ പറയുന്നത്.