
കോഴിക്കോട്: റംസാനും വിഷുവും ദാ ഇങ്ങെത്തി. ഷോപ്പിംഗിനുള്ള നെട്ടോട്ടത്തിലാണ് ആളുകൾ. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവും ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ ജനങ്ങളുടെ പ്രവാഹവും വണ്ടികളുടെ തിരക്കും മിഠായിത്തെരുവിനെ കൂടുതൽ വീർപ്പുമുട്ടിക്കുകയാണ് . നഗരത്തിലെത്തുന്നവർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെടുന്ന അവസ്ഥ. വർഷങ്ങളായി പറയുന്ന പാർക്കിംഗ് പദ്ധതികളൊന്നും നടപ്പിലാവാത്തതാണ് ഇതിന് കാരണം. നഗരത്തിലെ പ്രധാന കച്ചവടകേന്ദ്രങ്ങളായ മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി, പുതിയ സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ കുറച്ച് ദിവസമായി വലിയ തിരക്കാണ്. വൈകുന്നേരം മുതൽ രാത്രി വരെയാണ് തിരക്ക് കൂടുതലും. റംസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് നഗരത്തിൽ എല്ലായിടത്തും നല്ല തിരക്കായിരുന്നു.
മിഠായിത്തെരുവ്, മാനാഞ്ചിറ മേഖലകളിലേക്കെത്തുന്ന വാഹനങ്ങളാണ് പാർക്കിംഗിന് സ്ഥലമില്ലാതെ നട്ടം തിരിയുന്നത്. ഇവിടെയെത്തുന്ന വാഹനങ്ങൾ വൈക്കം മുഹമ്മദ് ബഷീർ റോഡ് പരിസരത്തും കോംട്രസ്റ്റ് പരിസരത്തുമാണ് നിലവിൽ പാർക്ക് ചെയ്തുവരുന്നത്. മാനാഞ്ചിറയിൽ എത്തുന്നവരുടെ വാഹനങ്ങളും ഇവിടെ തന്നെയാണ് നിർത്തിയിടുന്നത്. പലപ്പോഴും പാർക്ക് ചെയ്ത വാഹനങ്ങൾ എടുക്കുമ്പോഴേക്കും പുറകിൽ അടുത്ത വാഹനങ്ങൾ വരി നിൽക്കുന്ന അവസ്ഥയാണ്. പലരും സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും അതും ഉച്ചയോടെ നിറയുന്ന അവസ്ഥയാണ്. പാളയത്തും ഇതേ അവസ്ഥയാണ്. അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും മൂലം പാളയം സ്റ്റാൻഡിലെ ബസുകൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിപണിയാണ് പാളയം മാർക്കറ്റ്. റംസാൻ കാലം കൂടിയായതോടെ തിരക്ക് പതിന്മടങ്ങ് വർദ്ധിച്ചു. നഗരത്തിൽ കിഡ്സൺ കോർണറിൽ പാർക്കിംഗ് പ്ലാസ നിർമിക്കുന്നതിനുള്ള പദ്ധതി ഇപ്പോഴും കടലാസിൽ മാത്രമാണ്.