vote
vote

കോഴിക്കോട്: സൂക്ഷ്മ പരിശോധന പൂർത്തിയാക്കി പത്രികകൾ അംഗീകരിച്ചതോടെ പ്രചാരണത്തിന് വേഗം കൂട്ടി സ്ഥാനാർത്ഥികൾ. വടകര മണ്ഡലത്തിന്റെ ഭാഗമായ പാനൂരിൽ ബോംബ് പൊട്ടി ഒരാൾ മരിച്ചതും പെരുമാറ്റച്ചട്ട ലംഘന ആരോപണവുമെല്ലാം പ്രചാരണ രംഗത്ത് സജീവ ചർച്ചയായി. വീണുകിട്ടിയ ആയുധങ്ങൾ യു.ഡി.എഫും എൻ.ഡി.എയും പരമാവധി ഉപയോഗിക്കുമ്പോൾ വൻ പ്രചാരണത്തോടെ അതിനെ മറികടക്കുനാണ് എൽ.ഡി.എഫ് ശ്രമം.
കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ ഇന്നലെ മിഠായിത്തെരുവിലുൾപ്പെടെ പര്യടനം നടത്തി. രണ്ടു മണിക്കൂറോളം മിഠായിത്തെരുവിൽ ചെലവിട്ടാണ് രാഘവൻ മടങ്ങിയത്. ഫറോക്ക് കോൺവെൽത്ത് ടൈൽ ഫാക്ടറി സന്ദർശിച്ചുകൊണ്ടായിരുന്നു എം.കെ. രാഘവന്റെ പ്രചാരണ പരിപാടിക്ക് തുടക്കം. ചെറുവണ്ണൂരിൽ സോഷ്യോവാസുവിന്റെ വീട്ടിലെത്തിയ സ്ഥാനാർത്ഥി തുടർന്ന് ശാരദാമന്ദിരം, അരക്കിണറിലെ മിൽമ, മുതലക്കുളം ടി.ബി.എസ്, മലബാർ ഗ്രൂപ്പിന്റെ കുറ്റിക്കാട്ടൂരിൽ ഹെഡ് ഓഫീസായ മൊണ്ടാന എസ്റ്റേറ്റ് തുടങ്ങിയവയിലും സന്ദർശനം നടത്തി. കല്ലായിലെ മദീന പള്ളിയിൽ വോട്ടഭ്യർത്ഥിച്ചു.

സമരം നടത്തുന്ന സിസ്റ്റർ അനിതയ്ക്ക് പൂർണ പിന്തുണയുമായി എം.കെ. രാഘവൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി. പെരുവയൽ പഞ്ചായത്തിൽ സന്ദർശനം നടത്തി. രാത്രി അത്തോളിയിൽ ആയിരുന്നു പര്യടനം. എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം പുതിയാപ്പയിലായിരുന്നു തുടക്കം കുറിച്ചത്. തുടർന്ന് അമ്പലപ്പടി, കക്കോടി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. പടിഞ്ഞാറ്റുമുറി, പറമ്പിൽ ബസാർ, കുമ്മങ്ങോട്ട്താഴം, പാലത്ത്, പുതിയേടത്ത്താഴം എന്നിവിടങ്ങളിലം കുട്ടമ്പൂർ, കാക്കൂർ , നന്മണ്ട , കൊളത്തൂർ റോഡ് , എടക്കര സൈഫൺ എന്നിവിടങ്ങളിലും പ്രചാരണം നടത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി എം..ടി രമേശിന്റെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി കട്ടിപ്പാറയിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സ്വന്തം പതാകയെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാൻ സാധിക്കാത്തവണ്ണം കോൺഗ്രസ് മതഭീകരസംഘടനകൾക്ക് കീഴടങ്ങിയെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.