comtrust
കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കൽ വെെകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ. ഫാക്ടറിക്ക് ചുറ്റും സംരക്ഷണ വലയം തീർത്തപ്പോൾ

കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കൽ വെെകുന്നതിൽ പ്രതിഷേധിച്ച് ഫാക്ടറിക്ക് ചുറ്റും സംരക്ഷണ വലയം തീർത്ത് തൊഴിലാളികൾ. ഭൂമാഫിയയിൽ നിന്ന് കോംട്രസ്റ്റിനെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. കോംട്രസ്റ്റ് വിവിംഗ് ഫാക്ടറി തൊഴിലാളി കൂട്ടായ്മ പ്രസിഡന്റ് രജീന്ദ്രൻ എം.കെ അദ്ധ്യക്ഷനായി.

പതിനഞ്ച് വർഷം മുമ്പാണ് കോംട്രസ്റ്റ് നിയമവിരുദ്ധമായി അടച്ചുപൂട്ടിയത്. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് 2012 ൽ കേരള നിയമസഭ കോംട്രസ്റ്റ് ഏറ്റെടുത്ത് ബിൽ പാസാക്കി. കെ.എസ്.ഐ.ഡി.സിയെ പുതിയ പദ്ധതി ആരംഭിക്കുന്നതിന് ചുമതലപ്പെടുത്തുകയുമുണ്ടായി. ഇതിനിടെ കോംട്രസ്റ്റ് ഏറ്റെടുത്തു കൊണ്ടുള്ള ബിൽ രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ആറ് വർഷമായിട്ടും സർക്കാർ ഫാക്ടറി ഏറ്റെടുക്കുകയുണ്ടായില്ല.
അതേസമയം മൂന്ന് സ്വകാര്യ പാർട്ടികളുടെ കൈവശമാണ് ഇപ്പോൾ കോംട്രസ്റ്റ് ഭൂമിയുള്ളത്. ഇത് സംബന്ധിച്ച് കേസുകളും നിലനിൽക്കുന്നുണ്ട്. കേസുകൾ നിലനിൽക്കുന്ന ഭൂമിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. കോംട്രസ്റ്റ് ഏറ്റെടുക്കുന്നതിനുള്ള ബിൽ രാഷ്ട്രപതി പാസാക്കിയ സാഹചര്യത്തിൽ അവിടെ ഒരു നിർമ്മാണ പ്രവർത്തനവും പാടില്ല. കോംട്രസ്റ്റിനെ ഇല്ലാതാക്കാനാണ് ഭൂമാഫിയ ഭരണത്തിന്റെ ഒത്താശയോടെ ശ്രമിക്കുന്നത്. കഴിഞ്ഞ മാസം കോംട്രസ്റ്റ് കെട്ടിടത്തിൽ തീയിട്ടതും ഈ ഉദ്ദേശത്തോടെയാണെന്ന് തൊഴിലാളികൾ പറയുന്നു.
ഷിബു, വി.കെ രാജീവ്, കെ.പി രാജശേഖരൻ എന്നിവർ പ്രസംഗിച്ചു. പി.കെ സന്തോഷ് കുമാർ സ്വാഗതവും ഷാജി.വി നന്ദിയും പറഞ്ഞു.