കോഴിക്കോട്: സർക്കാർ ഉത്തരവ് വന്നാലും ജോലിയിൽ പ്രവേശിപ്പിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് അതിജീവിതയ്ക്കൊപ്പം നിന്ന സീനിയർ നഴ്സിംഗ് ഓഫിസർ പി.ബി അനിത. നിയമനം സംബന്ധിച്ചുള്ള ഉത്തരവ് ഇന്നലെ രാത്രിയാണ് ഇറങ്ങിയത്.
ഹെെക്കോടതി ഉത്തരവുമായി തിരികെ ജോലിയിൽ പ്രവേശിക്കാനെത്തിയ അനിതയെ ജോലിയിൽ പ്രവേശിപ്പിക്കാത്തത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇതിനെതിരേ അനിത മെഡിക്കൽ കോളേജിൽ നടത്തിവരുന്ന സമരത്തിന് പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം വൻ പിന്തുണയാണ് ലഭിക്കുന്നത്. സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എൻ കാരശ്ശേരി, കോഴിക്കോട് മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി എം.ടി രമേശ് എന്നിവരെത്തി പിന്തുണ പ്രഖ്യാപിച്ചു.
കേരളം മുഴുവൻ ചർച്ച ചെയ്ത വിഷയമായിട്ടും എല്ലാവരെയും ഞെട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്കൊപ്പം നിൽക്കേണ്ട മന്ത്രി ഭയപ്പെടുകയാണ്. അതിജീവിതയെയും അവർക്ക് പിന്തുണ നൽകിയവരെയുമല്ലേ സർക്കാർ ചേർത്ത് നിർത്തേണ്ടത്. എന്നിട്ടും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ വേട്ടക്കാർക്കൊപ്പം നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് മന്ത്രി പറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് പറയുന്ന ആരോഗ്യമന്ത്രിയുടെ ധാർഷ്ട്യത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? കോടതി ഉത്തരവ് പാലിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. നിയമ വിരുദ്ധമായാണ് മന്ത്രി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളി എന്ന നിലയിൽ അങ്ങേയറ്റത്തെ നാണക്കേടിലാണ് താനിവിടെ നിൽക്കുന്നതെന്ന് എം.എൻ കാരശ്ശേരി പറഞ്ഞു. നീതി എന്ന വാക്ക് കേൾക്കാനില്ല. എങ്ങും വികസനമില്ലെന്ന പരാതിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണുകെട്ടിയായിരുന്നു അതിജീവിതയും വിവരാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലും പ്രതിഷേധിച്ചത്.
@ അഹങ്കാരമാണ് സർക്കാരിന് : എം.ടി. രമേശ്
ഹൈക്കോടതി വിധി പോലും കാറ്റിൽ പറത്തി കുറ്റവാളികളെ സംരക്ഷിച്ചുകൊണ്ട്, കോടതി വിധിക്കും മുകളിലാണ് തങ്ങളെന്ന അഹങ്കാരമാണ് സർക്കാരിനെന്ന് കോഴിക്കോട് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ്. മനുഷ്യത്വവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. ഒരുപാട് സമ്മർദ്ദം ഉണ്ടായിട്ടും സത്യം പുറത്തെത്തിക്കാൻ അനിത നടത്തിയ പരിശ്രമത്തെ അനുമോദിക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യേണ്ട സർക്കാർ കുറ്റവാളികളുടെ പക്ഷം ചേർന്ന് അനീതിയാണ് തുടരുന്നത്. കേസിന്റെ ആദ്യം ഘട്ടം മുതൽ സർക്കാർ ഇരയോടൊപ്പമോ അതിജീവിതയോടൊപ്പമോ ആയിരുന്നില്ല. മറിച്ച് പ്രതികളുടെയും വേട്ടക്കാരുടെയും ഒപ്പമായിരുന്നു.
കോടതിവിധിക്ക് മുകളിലല്ല സർക്കാർ സംവിധാനങ്ങളെന്ന് ആരോഗ്യമന്ത്രി മനസിലാക്കണമെന്നും അദ്ദഹം പറഞ്ഞു.
@ പ്രതിഷേധിച്ച് സംഘടനകൾ
സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പ്ലക്കാർഡുകളുമായി പ്രവർത്തകർ പ്രിൻസിപ്പൽ ഓഫീസിനെ വലംവച്ചു. മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു അദ്ധ്യക്ഷനായി. വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിലും പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡന്റ് മുബീന വാവാട്, ഷമീനാ നല്ലളം, അനുപമ, ഫസീലറിയാസ്, ആയിഷ, സജ്ല ബാനു എന്നിവർ പങ്കെടുത്തു.