റേഷൻ കടക്കാർക്ക് തിരഞ്ഞെടുപ്പ് കാലത്തും കാത്തിരിപ്പ് തന്നെ
കോഴിക്കോട്: കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി തുടരുമ്പോഴും റേഷൻ കടകളിലൂടെ വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷൻ തുക ഇതുവരെയും അനുവദിച്ചില്ല. കോടതി വിധിയുണ്ടായിട്ടും കൊവിഡ് കാലത്തെ കിറ്റിന്റെ കമ്മീഷൻ തുക നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. നിരന്തരം റേഷൻ വ്യാപാരികൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും ഫലമുണ്ടായില്ല. 45 കോടി രൂപയാണ് ഈയിനത്തിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ളത്.
14,257 റേഷൻ കടക്കാർക്കാണ് കമ്മീഷൻ നൽകാനുള്ളത്. 13 മാസത്തെ കമ്മീഷനിൽ മൂന്നു മാസത്തെ തുക മാത്രമാണ് നൽകിയത്. തുടർന്ന് വ്യാപാരികൾ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്തെങ്കിലും ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും സിവിൽ സപ്ലൈസ് കോർപറേഷനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സർക്കാരിന്റെ വാദങ്ങൾ തള്ളിയ സുപ്രീംകോടതി എത്രയും പെട്ടെന്ന് കുടിശ്ശിക നൽകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷമാകുമ്പോഴും വിധി നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇതു വരെ ആറ് റേഷൻ വ്യാപാരികൾക്ക് മാത്രമാണ് കുടിശ്ശികയായ തുക നൽകിയത്. ഇതിനെതിരെ മറ്റെല്ലാ ലൈസൻസികളും അപ്പീൽ നൽകി അനുകൂല വിധി സമ്പാദിച്ചിട്ടും ഇവരുടെ പണം നൽകുന്നതിൽ സർക്കാർ മെല്ലേപ്പോക്ക് നയം തുടരുകയാണ്.
കൊവിഡ് കാലത്ത് സുരക്ഷയുടെ പേരിൽ എല്ലാവരും മാറി നിന്നപ്പോഴും റേഷൻ വ്യാപാരികൾ അരിയും കിറ്റും നൽകി ജനങ്ങൾക്കിടയിൽ സജീവമായിരുന്നു. അക്കാലയളവിൽ 65 വ്യാപാരികൾക്കാണ് കൊവിഡ് പിടിപെട്ട് ജീവൻ നഷ്ടപ്പെട്ടത്. കിറ്റ് നൽകിയ എല്ലാവരുടേയും സാമ്പത്തിക ബാദ്ധ്യതകൾ സർക്കാർ പൂർണമായും നൽകിയപ്പോൾ വ്യാപാരികളുടെ കമ്മിഷൻ മാത്രം നൽകാത്തത് കടുത്ത അനീതിയാണെന്നും വ്യാപാരികൾ പറയുന്നു.
പെരുന്നാൾ, വിഷു ആഘോഷ വേളയിലും മാർച്ച് മാസത്തെ കമ്മീഷൻ തുക പോലും നൽകാൻ സർക്കാരിനായിട്ടില്ല. ഇതോടെ കൈകളിൽ നിന്നും പണം മുടക്കി റേഷൻ വിതരണം നടത്തിയ 14000ത്തിലേറെ റേഷൻ വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പെരുന്നാൾ, വിഷു പ്രമാണിച്ച് ഇത്തവണ നേരത്തെ കമ്മീഷൻ നൽകണമെന്ന ആവശ്യവുമായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡിലേഴ്‌സ് അസോസിയേഷൻ മുഖ്യന്ത്രിക്കും വകുപ്പ് മന്ത്രിക്കുമുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.