ganga

കോഴിക്കോട്: മഞ്ജുവാര്യർ അഭിനയിച്ച 'ഉദാഹരണം സുജാത'യെ പോലെ കോഴിക്കോട്ട് 'ഉദാഹരണം ഗംഗാദേവി' ! മകൾ പഠിക്കുന്ന ദേവഗിരി കോളേജിലെ തൂപ്പു ജോലിക്കിടെ പ്രൈവറ്റായി പഠിച്ച് മലയാളത്തിൽ ഡിഗ്രിയും പി.ജിയുമെടുത്ത് അദ്ധ്യാപികയാവാൻ നെറ്റിന് പരിശീലിക്കുന്ന ഗംഗാദേവി.

തൂപ്പുജോലിക്കിടയിലും ഗംഗ ഒരു സ്വപ്‌നത്തിലായിരുന്നു. അദ്ധ്യാപികയാവണം. കോളേജിലെ അദ്ധ്യാപകരോടും പ്രിൻസിപ്പലിനോടും ആഗ്രഹം പങ്കിട്ടു. അവർ പ്രോത്സാഹിപ്പിച്ചു. വിവാഹശേഷം പഠനം മുടങ്ങിയ പഴയ പ്രീഡിഗ്രിക്കാരി 10 വർഷത്തിനു ശേഷം വീണ്ടും തുടങ്ങി. കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്താണ് ബി.എയും എം. എയും പാസായത്. നെറ്റും പാസാകണമെന്ന ദൃഢനിശ്ചയത്തിലാണ്. മകൾ നീതു ബോട്ടണി എം. എസ്‌സി ചെയ്യുന്നു. അമ്മയുടെ നേട്ടത്തിൽ നീതുവിന് അഭിമാനമാണ്.

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയാണ് സി.എം നിവാസിൽ ഗംഗാദേവി. ഭർത്താവ് സുധീഷ് പെയിന്റിംഗ് തൊഴിലാളി. 18വർഷമായി ഗംഗ ദേവഗിരിയിൽ തൂപ്പുകാരിയായിട്ട്. രാവിലെ ഏഴരയ്ക്ക് കോളേജിലെത്തും. വൈകിട്ട് അഞ്ചിന് മടങ്ങും.

മഞ്ജുവാര്യരെ കാണണം

എനിക്ക് പ്രചോദനമായത് മഞ്ജുവാര്യരുടെ ' ഉദാഹരണം സുജാത'. എവിടെയെങ്കിലും എത്തണമെന്ന വാശി എനിക്കുമുണ്ടായി. ഒരിക്കലവർ കോളേജിൽ വന്നിട്ടുണ്ട്. അന്ന് കാണാൻ കഴിയാത്തത് സങ്കടമായിരുന്നു. ഒരിക്കൽ കാണണമെന്നുണ്ട്.

--ഗംഗാദേവി