raghav
raghav

കോഴിക്കോട്: അവധി ദിവസമായ ഇന്നലെ പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർത്ഥികൾ. പരമാവധി ആളുകളെ കണ്ട് വോട്ടഭ്യർത്ഥിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാർത്ഥികളെല്ലാം. പാനൂരിലെ ബോംബ് സ്ഫോടനം പ്രചാരണ വേദികൾ യു.ഡി.എഫും എൻ.ഡി.എയും സജീവ ചർച്ചയാക്കി. അതേസമയം ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസിന് നിലപാടില്ലെന്ന് തുറന്നുകാണിക്കാനായിരുന്നു എൽ.ഡി.എഫ് ശ്രമം. നരേന്ദ്രമോദിയുടെ ഭരണ നേട്ടങ്ങളാണ് എൻ.ഡി.എ ജനങ്ങൾക്കുമുന്നിലുയർത്തുന്നത്.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പര്യടനം തിരുവണ്ണൂർ പാലാട്ട് നഗറിലാണ് കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രചാരണം ആരംഭിച്ചത്. പിന്നീട് കല്ലായിലെ ഡട്ട് സോമിൽ പരിസരത്തേക്ക്. പന്നിയങ്കര, കപ്പക്കൽ, പയ്യാനക്കൽ, പുതിയപാലം, കല്ലുത്താൻകടവ് എന്നിവടങ്ങളിൽ പര്യടനം നടത്തി. കുറ്റിച്ചിറ സൗത്ത് ബീച്ചിലെ സ്വീകരണം ആവേശമുയർത്തി. ചക്കുംകടവ്, കെ. എൻ. റോഡ്, ചാലപ്പുറം, പറയഞ്ചേരി, ആഴ്ചവട്ടം, മാവൂർ റോഡ്, പൊറ്റമ്മൽ, നെല്ലിക്കോട്, കോവൂർ, കൊമ്മേരി, വളയനാട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കിണാശേരിയിൽ സമാപിച്ചു.

കോഴിക്കോട് മൂന്നാലിങ്കലിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ പ്രചാരണം ആരംഭിച്ചത്. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാനം ചെയ്തു. ബീച്ചിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പര്യടനം ആരംഭിച്ചത്. ഗാന്ധിറോഡ് വഴി കുന്നുമ്മൽ, ഇംഗ്ലീഷ് പള്ളി, ചക്കോരത്തുകുളം ജംഗ്ഷൻ, ഈസ്റ്റ് നടക്കാവ് ബസ് സ്റ്റോപ്പ്, അശോകപുരം, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്റ്റ് ഹിൽ, ശാന്തിനഗർ, ശ്മശാനം റോഡ്, കോയറോഡ്, പുതിയാപ്പ, പാവങ്ങാട്, അത്താണിക്കൽ, പാറമ്മൽ, പാലക്കടെ, എന്നീ സ്വീകരണ പോയന്റുകളിലൂടെ ഉച്ച ഭക്ഷണത്തിന് മുമ്പേ മാളിക്കടവിലെത്തി.
പറമ്പത്ത് കുന്നപ്പള്ളി, മുടപ്പാട്ട് പാലം, മലാപ്പറമ്പ് ജംഗ്ഷൻ, മൂലംപള്ളി, കോട്ടൂളി സെൻട്രൽ, വെള്ളിമാട് കുന്ന്, ഇരിങ്ങാടൻ പള്ളി, ചേവായൂർ ജംഗ്ഷൻ, പാലക്കോട്ടുവയൽ, മംഗലത്ത് മീത്തൽ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം രാത്രി ഏറെ വൈകി ചെലവൂരിലായിരുന്നു സമാപനം.

കുന്ദമംഗലം നിയോജക മണ്ഡലത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശിന്റെ പ്രചാരണം. ഒളവണ്ണയിൽ സംഘടിപ്പിച്ച പ്രചാരണ യോഗത്തിൽ സംസാരിച്ചു.

വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ കൊയിലാണ്ടിയിൽ പ്രചാരണം നടത്തി. ഇന്ന് നാദാപുരത്ത് പ്രചാരണം നടത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തലശ്ശേരിയിൽ പ്രചാരണം നടത്തി. എൻ.ഡി.എസ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണൻ തുറയൂർ പഞ്ചായത്തിലെ തോലേരിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.