flex
flex

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി നിരോധിത ഫ്ലക്സുകൾ വ്യാപകമാകുമ്പോഴും

അവ പരിശോധിക്കാൻ ജില്ലയിൽ ആവശ്യത്തിന് സംവിധാനമില്ലാത്തത് ഉദ്യോഗസ്ഥരെ കുഴക്കുന്നു. പരിസ്ഥിതി സൗഹൃദമാക്കി തിരഞ്ഞെടുപ്പ് നടത്തേണ്ടതിനാൽ നിരോധിത ഫ്ലക്സ് ബോർഡുകൾ ഹോർഡിംഗുകൾ, ബാനറുകൾ എന്നിവ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുണ്ട്. പരസ്യ ബോർഡുകൾ, സൂചകങ്ങൾ തുടങ്ങിയവ പൂർണമായും കോട്ടൺ, പേപ്പർ, പോളിത്തീൻ എന്നിവയിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കെ വിവിധ രാഷ്ട്രീയ പാർട്ടികൾ പി.വിസി ഫ്ളക്സുകൾ ഉപയോഗിക്കുന്നത് തുടരുകയാണ്.പിടിച്ചെടുക്കുന്ന ഫ്ലക്സുകളിൽ റീസെെക്കിൾ ചെയ്യാൻ സാധിക്കാത്ത പിവിസി, പോളിസ്റ്റർ, നെെലോൺ, പ്സാസ്റ്റിക് കോട്ടഡ് തുണിത്തരങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ഫ്ളോട്ടിഗ് പോലുള്ള നിരവധി പരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ ഇത്തരം പരിശോധനകൾക്ക് ലാബോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഇവ പരിശോധിക്കാൻ കേന്ദ്രസർക്കാർ സ്ഥാപനമായ കണ്ണൂരിലെ ടെക്‌സ്‌റ്റൈൽ കമ്മിറ്റി റീജിയണൽ ഓഫീസിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പരിശോധനാഫലം വെെകുന്നതിനാൽ പിഴത്തുക എഴുതി നൽകുന്നതും വെെകും. മാസങ്ങൾക്ക് മുമ്പ് പിടിച്ചെടുത്ത ഉത്പന്നങ്ങളുടെ പരിശോധനാഫലവും ഇതുവരെ ലഭിച്ചിട്ടില്ല.

മലിനീകരണ നിയന്ത്രണ ബോർഡിൽ ആവശ്യത്തിന് ആളുകളില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

നിരോധിത ഉത്പ്പന്നമല്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന സാക്ഷ്യപത്രമുള്ള ഉത്പ്പന്നങ്ങൾ മാത്രമേ പ്രിന്റിംഗിനായി ഉയോഗിക്കാവൂ എന്ന ചട്ടം നിലവിലുണ്ട്.

@പരിശോധന ശക്തം

നിരോധിത വസ്തുക്കൾ കണ്ടെത്തുന്നതിനായി എൻഫോസ്മെന്റ് സ്ക്വാഡുകളുടെയും ആന്റി ഡിഫേഴ്സ്മെന്റ് സ്ക്വാഡുകളുടെയും പരിശോധന ജില്ലയിൽ ശക്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ബാനറിലും യൂണിറ്റിന്റെ പേരോ ഫോൺ നമ്പറോ നിയമപ്രകാരമുള്ള മറ്റ് രേഖപ്പെടുത്തലുകളോ ഉണ്ടായിരിക്കണം. സ്ഥാപനത്തിന്റെ പേര്,ഫോൺ നമ്പർ, റീ സൈക്കിൾ ലോഗോ ,ക്യു ആർ കോഡ് എന്നിവ രേഖപ്പെടുത്താതെയുള്ള ബാനറുകൾ, സൈൻ ബോർഡ്, സ്റ്റേജ് ബാനർ , വിവാഹ ആശംസാ ബോർഡുകൾ, പരിപാടികൾക്കുള്ള ബാനറുകൾ അല്ലെങ്കിൽ ബോർഡുകൾ എന്നിവ ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടെ ഉപയോഗിക്കുന്നതും പിഴ ചുമത്താവുന്ന കുറ്റമാണ്.

ഉപയോഗിക്കാം

1.പി.വി.സി ഫ്ളക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ എന്നിവ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്.

2. പരസ്യ ബോർഡുകൾ, സൂചകങ്ങൾ തുടങ്ങിയവ പൂർണമായും കോട്ടൺ, പേപ്പർ, പോളിത്തീൻ എന്നിവയിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ.

3. ഫ്ളക്സിൽ സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന മെറ്റീരിയൽ സർട്ടിഫിക്കറ്റിന്റെ ക്യൂ.ആർ കോഡ്, റീസൈക്കിൾ ലോഗോ എന്നിവ ഉപയോഗിക്കണം.

4. കൊറിയൻ ക്ലോത്ത് നൈലോൺ, പോളിസ്റ്റർ കൊണ്ടുള്ള ബോർഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ ആവരണമോ ഉള്ള പുനഃചംക്രമണ സാദ്ധ്യതയില്ലാത്ത എല്ലാ തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം.