blessy
blessy

കോഴിക്കോട്: സാഹിത്യസൃഷ്ടി സിനിമയാക്കുമ്പോൾ അതിൽ പുതുമ കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം സിനിമാക്കാരനുണ്ടെന്നും നോവലിനപ്പുറത്തേക്കുള്ള ജീവിതാന്വേഷണമാണ് ആടുജീവിതം എന്ന സിനിമയെന്നും സംവിധായകൻ ബ്ലെസി. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോവൽ അതേപോലെ പകർത്തുകയല്ല ചെയ്തത്. നോവൽ പോലെ സിനിമയെടുത്താൽ അത് ഡോക്യുമെന്ററി രീതിയിലേക്ക് മാറും. അവിടെ പുതുമ കൊണ്ടുവരാൻ സാധിക്കില്ല. സിനിമയെന്ന കലാവിഷ്‌ക്കാരത്തിന്റെ മാറ്റങ്ങൾ തിരിച്ചറിയണം.

നോവൽ സിനിമയാക്കി മാറ്റുകയെന്നത് വെല്ലുവിളി തന്നെയായിരുന്നു. നോവലിലെ കഥാസന്ദർഭങ്ങളിൽ നിന്നും സിനിമയിലേക്ക് എത്തുമ്പോൾ പല മാറ്റങ്ങളും കാണാം. അതിനുള്ള അനുമതി എഴുത്തുകാരൻ ബെന്യാമിനിൽ നിന്നും നേരത്തെ വാങ്ങിയിരുന്നു. ബെന്യാമിൻ എഴുതിയതിനപ്പുറത്തേക്ക് സിനിമയെ കൊണ്ടുപോകാനാണ് ശ്രമിച്ചത്. എല്ലാവർക്കും അറിയുന്ന കഥയുടെ ദൃശ്യഭാഷ ആസ്വദിക്കാനാണ് പ്രേക്ഷകർ തിയേറ്ററുകളിലെത്തുന്നത്. അതനുസരിച്ചാണ് സിനിമയ്ക്ക് രൂപം നൽകിയത്. ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷകപിന്തുണയിൽ വലിയ സന്തോഷമുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.

നോവലിനെയും സിനിമയെയും ചേർത്തുവച്ച് നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ഒരു സാഹിത്യം സിനിമയാകുമ്പോൾ ഉണ്ടാകുന്ന മാറ്റം സ്വാഭാവികമാണെന്നും എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. പുസ്തകത്തിന്റെ വായനക്കാർക്ക് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ വായനാ സമൂഹത്തിന് പുറത്തുള്ളവരുടെ ആശയക്കുഴപ്പമാണ് ഇപ്പോൾ വിവാദമായതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ ഹക്കീം എന്ന കഥാപാത്രത്തെ നല്ലരീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോഴിക്കോട് സ്വദേശിയായ കെ.ആർ ഗോകുൽ പറഞ്ഞു. സിനിമയിൽ പൂർണമായ രീതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ‘പെരിയോനെ റഹ്മാനെ’ എന്ന ഗാനം ജനങ്ങളുടെ വലിയ സ്നേഹമാണ് തനിക്ക് നേടിത്തന്നതെന്ന് ഗായകൻ ജിതിൻ രാജ് പറഞ്ഞു. ചിത്രത്തിൽ ലാംഗ്വേജ് കൺസൾട്ടന്റായി പ്രവർത്തിച്ച മൂസക്കുട്ടി വെട്ടിക്കാട്ടിരി, പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ് രാകേഷ്, എ വി ഫർദീസ് എന്നിവരും സംബന്ധിച്ചു.