കോഴിക്കോട്: ലോക്‌സഭ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളൈയിംഗ് / സ്റ്റാറ്റിക്ക് സർവൈലൻസ് സ്‌ക്വാഡുകൾ വാഹന പരിശോധന നടത്തി ഇതുവരെ പിടിച്ചെടുത്തത് 66,23,320 രൂപ. പണം അപ്പീൽ കമ്മറ്റിക്ക് കൈമാറി. അനധികൃത പണമൊഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ 13 നിയോജകമണ്ഡലങ്ങളിൽ നിലവിലുള്ളത് കൂടാതെ അഞ്ചു വീതം സ്റ്റാറ്റിക്ക് സർവൈലൻസ് സ്‌ക്വാഡുകൾ കൂടി പ്രവർത്തനം ആരംഭിച്ചതായി എക്‌സ്‌പെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.
@ ചെലവ് കണക്ക് ഒത്തുനോക്കും
ജില്ലയിലെ സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും തെരഞ്ഞെടുപ്പ് കണക്കുകൾ കൈകാര്യം ചെയ്യുന്നതിന് ജില്ലാ കളക്ടറേറ്റിൽ പരിശീലനം നൽകി. ഹെഡ്ക്വാർട്ടേഴ്‌സ് അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ ഗീരീശൻ പാറപ്പൊയിൽ നേതൃത്വം നൽകി.
ഈ മാസം 12, 19, 24 തിയതികളിൽ സ്ഥാനാർത്ഥികളുടെ ചെലവു കണക്കുകൾ എക്‌സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെൽ കണ്ടെത്തിയ ചെലവു കണക്കുകളുമായി താരതമ്യം ചെയ്ത് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്ന് ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ അറിയിച്ചു.