kareem
ബാലുശ്ശേരിയിലെ പ്രചാരണത്തിനിടെ എൽ.‌ഡി.എഫ് സ്ഥാനാ‌ർത്ഥി എളമരം കരീം

കോഴിക്കോട്: പെരുന്നാൾത്തലേന്നും പ്രചാരണത്തിരക്കിലിയിരുന്നു സ്ഥാനാർത്ഥികൾ. പാനൂർ ബോംബ് സ്ഫോടനവും കൊലപാതക രാഷ്ട്രീയവും സജീവ ചർച്ചയായ ഇന്നലെ കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രചാരണത്തിൽ നിറഞ്ഞു. വെട്ടിന്റെയും അരും കൊലയുടെയും രാഷ്ട്രീയത്തെ വോട്ട് കൊണ്ട് പ്രതിരോധിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രചാരണത്തിൽ ആവശ്യപ്പെട്ടു. കൊയിലാണ്ടി മണ്ഡലം പര്യടനത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തിനാണ് ബോംബ്? ആരെ വകവരുത്താനായിരുന്നു ബോംബ് ഉണ്ടാക്കിയവരുടെ ഉദ്ദേശ്യം? ഏതൊക്കെ അമ്മമാരുടെ കണ്ണുനീർ ഈ മണ്ണിൽ വീഴുമായിരുന്നു. തുടങ്ങിയ ചോദ്യങ്ങളുയർത്തിയായിരുന്നു യു.ഡി.എഫ് പ്രചാരണം. തിരുവങ്ങൂർ കേരള ഫീഡ്സ് പരിസരത്തുനിന്നാണ് കൊയിലാണ്ടി നിയോജക മണ്ഡലം പര്യടന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ശേഷം കാപ്പാട്, തൂവക്കോട്, ചേലിയ, മേലൂർ, കോതമംഗലം, പെരുവട്ടൂർ, ഇല്ലാത്ത്താഴ വഴി മുചുകുന്ന് ഓട്ടുകമ്പനി പരിസരത്ത് എത്തി. ഇവിടെനിന്ന് കിടഞ്ഞിക്കുന്ന്, ചിങ്ങപുരം, തിക്കോടിതെരു, തച്ചൻകുന്ന്, അയനിക്കാട്, മൂരാട് വഴി ഇരിങ്ങലിൽ പര്യടനം സമാപിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളെ യു.ഡി.എഫ് അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എൽ.ഡി.എഫ് പ്രചാരണം. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലായിരുന്നു ഇന്നലെ പ്രചാരണം നടത്തിയത്.

എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണിക്കെതിരെ ആഞ്ഞടിച്ചാണ് എൻ.ഡി.എ പ്രചാരണം. സി.പി.എം ബോംബ് നിർമ്മാണ ഫാക്ടറിയിലാണെന്നും കോൺഗ്രസ് മത തീവ്രവാദികളുടെ തടവറയിലാണെന്നും മുൻ കേന്ദ്ര മന്തിയും ബി ജെ.പി. കേരള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ ആരോപിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽകൃഷ്ണന്റെ നാദാപുരം മണ്ഡലം പര്യടനം എടച്ചേരിയിൽ ആരംഭിച്ചു. ഇരിങ്ങണ്ണൂർ, പാറക്കടവ് തൂണേരി ,വളയം കുടിയേറ്റ മേഖലയായ വിലങ്ങാട് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. തുടർന്ന് വാണിമേലിലെയും വളയത്തെയും സ്വീകരണത്തിന് ശേഷം തളിക്കരയിൽ പര്യടനം സമാപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിലൂന്നിയാണ് കോഴിക്കോട് ഇടതുവലത് മുന്നണികളുടെ പ്രചാരണം. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ നിയമം അറബിക്കടലിൽ എറിയുമെന്ന് ടി. സിദ്ദിഖ് പറഞ്ഞു. കോഴിക്കോട് ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ ബാലുശ്ശേരി നിയോജകമണ്ഡലം പ്രചരണ പര്യടനം മഠത്തുംപൊയിലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉണ്ണിക്കുളം പഞ്ചായത്തിലെ മടത്തും പൊയിൽ വച്ചാണ് ബാലുശ്ശേരി മണ്ഡലം രണ്ടാംഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമും പ്രചാരണം നടത്തിയത്. വൻ വരവേൽപ്പാണ് സ്ഥാനാർത്ഥിയ്ക്ക് സ്വീകരണ കേന്ദ്രങ്ങളിൽ ലഭിച്ചത്.

കോഴിക്കോട് നോർത്ത മണ്ഡലത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശിന്റെ പ്രചാരണം. സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹ്മാന്റെ മാതാവിനെ കാണാൻ എം.ടി. രമേശ് എത്തി. ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഗാനങ്ങൾ പുറത്തിറക്കി.അജിത് സോപാനം രചനയും ബിജു യൂണിറ്റി സംഗീത സംവിധാനവും നിർവഹിച്ച ഗാനങ്ങൾ ആലപിച്ചത് രതീഷ്, അരുൺ, അതിര എന്നിവരാണ്.