കോഴിക്കോട്: ആത്മനിയന്ത്രണത്തിലൂടെ റംസാൻ ദിനങ്ങൾ പൂർത്തിയാക്കി മുസ്ലീം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളികളിൽ പ്രാർത്ഥന നടന്നു. കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പരസ്പരം ആശ്ലേഷിച്ചും ആശംസകൾ നേർന്നും സക്കാത്ത് നൽകിയും വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷമാക്കി. പുത്തൻ വസ്ത്രങ്ങളും മൈലാഞ്ചിയുടെ മൊഞ്ചും കുടുംബങ്ങളുടെയും ആത്മമിത്രങ്ങളുടെയും കൂട്ടിച്ചേരലുകളും പെരുന്നാൾ ആഘോഷം വർണാഭമാക്കി. കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിലെല്ലാം ഉച്ചയ്ക്ക് ശേഷം നല്ല തിരക്കായിരുന്നു. നഗരത്തിൽ നിന്നും അയൽ ജില്ലകളിൽ നിന്നും നിരവിധി പേർ ബീച്ചിലേക്ക് ഒഴുകിയെത്തി. നഗരത്തിലെ മാളുകളിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു.
കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം നടന്ന സംയുക്ത ഈദ് ഗാഹിന് കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ നേതൃത്വം നൽകി. ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെ പ്രഭാഷണത്തിനിടെ അദ്ദേഹം വിമർശിച്ചു. പ്രണയത്തിൽ ജിഹാദില്ലെന്നും, ലൗ ജിഹാദില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ തകരുന്നതല്ല മതേതരത്വം. കേരള സ്റ്റോറി ജനങ്ങൾ അംഗീകരിക്കില്ല. മതേതര പാരമ്പര്യമാണ് കേരള ചരിത്രമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.
ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിൽക്കാൻ മതേതര ജനാധിപത്യ വിശ്വാസികൾ എല്ലാവരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് സൗകര്യപ്രദമായ വിധം ജുമുഅ നമസ്‌കാരവും ഖുതുബയും ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സംയുക്ത ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇരുപതിനായിരത്തോളം പേർ പങ്കെടുത്തു. കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം, ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് തുടങ്ങിയവർ ഈദ് ഗാഹിലെത്തി വിശ്വാസികൾക്ക് ആശംസകൾ അറിയിച്ചു.