കോഴിക്കോട്: ജനമൈത്രി പൊലീസിന്റെയും 'തെരുവിന്റെ മക്കൾ' ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ വിശപ്പുരഹിത നഗരത്തിന്റെ ഭാഗമായി ആരംഭിച്ച അക്ഷയപാത്രം പദ്ധതി അവസാനിപ്പിച്ചു. ഭക്ഷണപ്പൊതികൾ പലരും ദുരുപയോഗം ചെയ്തതോടെയാണ് പദ്ധതി നിലച്ചത്.
2020 ജനുവരി ഒന്നിനാണ് പാവമണി റോഡിലെ കമ്മീഷണർ ഓഫീസിന് സമീപം സൗജന്യ ഭക്ഷണ കേന്ദ്രം, അക്ഷയപാത്രം എന്ന പേരിൽ ആരംഭിച്ചത്. തെരുവിൽ ഭക്ഷണത്തിനായി അലയുന്നവർക്ക് 'അക്ഷയപാത്രം' ആശ്വാസമായിരുന്നു. ദിവസവും 100 മുതൽ 125 ആളുകൾ വരെ വിശപ്പടക്കാൻ ഇവിടെ എത്തിയിരുന്നു. ഒരേസമയം 20 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് വരെയായിരുന്നു ഭക്ഷണവിതരണം നടന്നിരുന്നത്. അടുത്തുള്ള പൊലീസ് കാന്റീനിൽ നിന്നായിരുന്നു കൂടുതൽ ദിവസങ്ങളിലും ഭക്ഷണം തയ്യാറാക്കിയിരുന്നത്. മദ്യപിച്ച് എത്തുന്നവർക്ക് ഭക്ഷണം നിഷേധിച്ചിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്യവർക്കേ ഭക്ഷണം സ്‌പോൺസർ ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു.
കൊവിഡ് കാലത്ത് താത്കാലികമായി നിറുത്തലാക്കിയ അക്ഷയ പാത്രം പദ്ധതി പിന്നീട് പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. നഗരത്തിൽ വിവിധ സംഘടനകൾ ഭക്ഷണം സൗജന്യമായി കൊടുക്കുന്നത് വർദ്ധിച്ചതോടെ ആളുകൾ ഭക്ഷണപ്പൊതികളിൽ നിന്ന് മത്സ്യമാംസക്കറികൾ മാത്രമെടുത്ത് ബാക്കി വരുന്നത് വലിച്ചെറിയുന്നതും. ഭക്ഷണപ്പൊതികൾ പലയിടത്തും മാലിന്യക്കൂമ്പാരമായി മാറിയതുമായതുമാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമായത്. പക്ഷേ റോഡരികിലെ കെട്ടിടം പൊളിച്ചുമാറ്റിയിട്ടില്ല.
'വിശപ്പ് ഉണ്ടാകരുത്, ആരും ഭക്ഷണമില്ലായ്മയുടെ പേരിൽ കുറ്ര്യകൃത്യങ്ങളിൽ എർപ്പെടരുത് എന്നതിനായിരുന്നു മുൻതൂക്കം കൊടുത്തിരുന്നത്. പക്ഷെ ഭക്ഷണപ്പൊതികൾ പലരും ദുരുപയോഗം ചെയ്യുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു '
ഉമേഷ് നന്മണ്ട
- ജനമൈത്രി പൊലീസ്