കോഴിക്കോട്: വിശ്വാസികൾക്കൊപ്പം പെരുന്നാൾ ആഘോഷത്തിൽ പങ്കാളികളായി സ്ഥാനാർത്ഥികൾ. വടകര ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തലശ്ശേരിയിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുത്തു. കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം എന്നിവർ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിലെത്തി വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ അറിയിച്ചു.
ചെറിയ പെരുന്നാൾ ദിനത്തിൽ വടകരക്കാരുടെ സ്‌നേഹവും ആതിഥ്യവും ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പിറന്ന നാട്ടിൽനിന്ന് വിട്ടുനിൽക്കുന്ന ആദ്യ പെരുന്നാളാണ് ഷാഫിയെ സംബന്ധിച്ച് ഇത്. എന്നാൽ വടകരക്കാരുടെ സ്‌നേഹത്തിനു മുന്നിൽ മറ്റൊരു നാട്ടിലാണെന്ന തോന്നലുണ്ടായില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
രാവിലെ ഏഴരയോടെ തലശേരി സ്റ്റേഡിയം പള്ളി ഈദ്ഗാഹിലാണ് ഷാഫി പറമ്പിൽ പങ്കെടുത്തത്. പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികൾക്ക് ആശംസകൾ നേർന്നു. ശേഷം തലശേരിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഉച്ചയോടെ കുറ്റ്യാടി ദേവർകോവിൽ അറയിൽ ഭഗവതി ക്ഷേത്രം സന്ദർശിച്ച് ഉത്സവ പരിപാടികളിൽ പങ്കാളിയായി. രാത്രി വടകര താഴങ്ങാടിയിൽ ഈദ് നൈറ്റ് പരിപാടിയിലും സ്ഥാനാർത്ഥി പങ്കാളിയായി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ഇന്നലെ പ്രചാരണം നടത്തിയില്ല. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കൂത്തുപറമ്പ് മണ്ഡലത്തിൽ പ്രചാരണം നടത്തി. രാവിലെ പടന്നക്കരയിൽ നിന്ന് ഉദ്ഘാടനം ചെയ്ത പര്യടനം കരിയാട് , പുതുശേരി, പെരിങ്ങത്തൂർ, മുക്കിൽ പീടിക കണ്ണവം കോളനി വഴി ചെറുവാഞ്ചേരിയിൽ സമാപിച്ചു.
ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ. പെരുന്നാൾ ദിനത്തിൽ കോഴിക്കോട് ബീച്ചിലെ അടക്കം വിവിധ ഈദ് ഗാഹുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കണ്ണപറമ്പ് ജുമാമസ്ജിദിലെ പെരുന്നാൾ നിസ്‌കാരത്തിലേക്കും സ്ഥാനാർത്ഥി എത്തിച്ചേർന്നു. കോഴിക്കോട്ടെ പുരാതനമായ മുസ്ലിം പള്ളിയായ കുറ്റിച്ചിറ മിശ്കാൽ ജുമാഅത്ത് പള്ളിയിലും പരിസര പ്രദേശത്തും ചെറിയ പെരുന്നാൾ ആശംസകളുമായി സ്ഥാനാർത്ഥിയെത്തി. മണ്ഡലത്തിലെ മുഴുവൻ വീടുകളിലായി സ്ഥാനാർത്ഥിയുടെ ചെറിയ പെരുന്നാൾ ആശംസാ കാർഡുകൾ പ്രവർത്തകർ വിതരണം ചെയ്തിരുന്നു.
ചെറിയ പെരുന്നാൾ ദിനത്തിലും തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ തിരക്കിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം. ഔദ്യോഗിക പര്യടനം ഇല്ലെങ്കിലും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ വിവിധ വീടുകളും പ്രമുഖ വ്യക്തികളെയും സന്ദർശിച്ചു.
രാവിലെ കടപ്പുറത്തെ സംയുക്ത ഈദ് ഗാഹിലെത്തി വിശ്വാസികൾക്കും മത നേതാക്കൾക്കുമൊപ്പം സമയം ചെലവഴിച്ചു. ഉച്ചയ്ക്കു ശേഷം സൗത്ത് മണ്ഡലത്തിലെ വിവിധ വീടുകൾ സന്ദർശിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് കല്ലുത്താൻകടവ്, പാളയം മാർക്കറ്റ്, സത്രം കോളനി എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. തുടർന്ന് മഹിളാ സംഗമത്തിലും കിഴക്കേ മുരിങ്ങത്ത് കുടംബയോഗത്തിലും പങ്കെടുത്തു. കല്ലായി ടൗണിലും പ്രചാരണം നടത്തി.