 
കോഴിക്കോട്: കേരളത്തിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും സുരക്ഷിതരല്ലെന്ന് കേന്ദ്ര വിദേശകാര്യ സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി.രമേശിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരിച്ച സിദ്ധാർത്ഥിന്റെ കൊലപാതകം സൂചിപ്പിക്കുന്നത് കേരളത്തിലെ ആൺകുട്ടികളും സുരക്ഷിതരല്ലെന്നാണ്. എന്നാൽ എല്ലാ വിഭാഗക്കാരേയും ചേർത്തുപിടിക്കുന്ന പ്രവർത്തനങ്ങളാണ് മോദി ചെയ്യുന്നത്. രാജ്യത്ത് നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളിലൂടെ യഥാർത്ഥ സ്ത്രീ ശാക്തീകരണം നടപ്പാക്കാൻ മോദിക്ക് സാധിച്ചു. സ്ത്രീകൾക്ക് ഏറ്റവും പ്രാതിനിധ്യം നൽകുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. വനിതാ ശാക്തീകരണ ബിൽ നടപ്പാക്കി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി. പ്രധാനമന്ത്രി ആവാസ് യോജന വഴി കേരളത്തിൽ മാത്രം 1.14 ലക്ഷം വീടുകൾ നൽകി. സംസ്ഥാനത്തെ 40 ലക്ഷത്തിലധികം വീടുകളിൽ കുടിവെള്ളം എത്തിച്ചു, പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴി എല്ലാ വീട്ടിലും ഗ്യാസ് കണക്ഷൻ എത്തിക്കുന്നു. പ്രധാന മന്ത്രി മാതൃ വന്ദൻ യോജന വഴി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പാക്കി. കേരളത്തിൽ മാത്രം 2 ലക്ഷത്തിലധികം അമ്മമാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. സ്ത്രീകൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മോദി സർക്കാരിന് സാധിച്ചെന്നും അവർ പറഞ്ഞു.
മഹിളാമോർച്ചയുടെ നേതൃത്വത്തിൽ രാവിലെ മുതലക്കുളത്ത് നിന്ന് മഹിളാ റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. നൂറുകണക്കിന് മഹിളാ പ്രവർത്തകർ പങ്കെടുത്ത റാലിയിൽ പാളയം പിന്നിട്ടപ്പോൾ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും സ്ഥാനാർത്ഥി എം.ടി രമേശും ഒപ്പം ചേർന്നു. കല്ലായി റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ റാലി സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പിയിലേക്ക് വന്ന എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ ട്രഷററും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന സതീഷ് കുറ്റിയിലിന്റെ ഭാര്യ അഡ്വ.സെെറ സതീശിനെ മീനാക്ഷി ലേഖി ഷാളണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം രമണി ഭായ് , മഹിളാമോർച്ച ജില്ലാ സെക്രട്ടറി ഷൈനി ജോഷി തുടങ്ങിയവർ പങ്കെടുത്തു.