raghav
യു.ഡി.വൈ.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച 'വാക്ക് വിത്ത് എം.കെ.ആർ' പരിപാടിയിൽ എം.കെ.രാഘവനൊപ്പം രാഹൂൽ മാങ്കൂട്ടത്തിലും പി.കെ.ഫിറോസും

കോഴിക്കോട് : തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ജില്ലയിൽ രാഷ്ട്രീയപോര് മുറുകുന്നു. പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രചാരണ രീതി തന്നെ മാറുകയാണ്. പരമ്പരാഗത പ്രചാരണത്തിനപ്പുറം ഡിജിറ്റൽ പ്രചാരണവും സജീവമാവുന്നമ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽക്കൂടി സ്വീകാര്യത വ‌ർദ്ധിപ്പിക്കാനുതകുന്ന പ്രചാരണ രീതികളാണ് സ്ഥാനാർത്ഥികൾ പയറ്റുന്നത്. വ്യത്യസ്ത പ്രചാരണ രീതിയുമായി ഇന്നലെ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ ഇന്നലെ കളം നിറഞ്ഞു. യു.ഡി.വൈ.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച 'വാക്ക് വിത്ത് എം.കെ.ആർ' യു.ഡി.എഫ് ക്യാമ്പിന്റെ ആവേശമുയർത്തി.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെയും സ്ഥാനാർത്ഥി എം.കെ. രാഘവന്റെയും നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ഗാന്ധി റോഡിൽ നിന്നും സൗത്ത് ബീച്ചിലെ രക്ത സാക്ഷി സ്തൂപം വരെയായിരുന്നു ജാഥ. രാവിലെ എലത്തൂർ നിയോജകമണ്ഡലത്തിലായിരുന്നു എം.കെ. രാഘവന്റെ പര്യടനം. തുടർന്ന് കുന്ദമംഗലം മണ്ഡലത്തിലും വൈകീട്ട് കോഴിക്കോടും വിവിധ സ്ഥാപനങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹിളാസമ്മേളനം കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്തു. വനിതകൾക്കായി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഊന്നിപ്പറഞ്ഞായിരുന്നു മഹിളാ സമ്മേളനം പൂർത്തിയായത്. മഹിളാമോർച്ചയുടെ നേതൃത്വത്തിൽ രാവിലെ മുതലക്കുളത്ത് നിന്ന് മഹിളാറാലിയോടെയാണ് പരിപാടി ആരംഭിച്ചത്. നൂറുകണക്കിന് മഹിളാ പ്രവർത്തകർ പങ്കെടുത്ത റാലിയിൽ പാളയം പിന്നിട്ടപ്പോൾ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും സ്ഥാനാർത്ഥി എംടി രമേശും ഒപ്പം ചേർന്നു. കല്ലായി റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ സമാപിച്ചു. രാമാനാട്ടുകരയിലായിരുന്നു വൈകീട്ട് സ്ഥാനാർത്ഥി പ്രചാരണം നടത്തിയത്. നഗരത്തിലെ സ്ഥാപനങ്ങളും തൊഴിൽ കേന്ദ്രങ്ങളും സന്ദർശിച്ച്‌ വോട്ടഭ്യർത്ഥിച്ച്‌ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എളമരം കരീം. വ്യാഴാഴ്‌ച കോഴിക്കോട്‌ നോർത്ത്‌ മണ്ഡലത്തിലായിരുന്നു പര്യടനം. രാവിലെ പുതിയങ്ങാടിയിലും അത്താണിക്കലിലും വീടുകൾ സന്ദർശിച്ചു. ഈസ്റ്റ്‌ഹിൽ പള്ളിയും ഫിഷറീസ്‌ കോമ്പൗണ്ടും സന്ദർശിച്ചു. മാവൂർ റോഡിൽ ഉമാദേവി ഫാബ്രിക്‌സ്‌, കലിക്കറ്റ്‌ ഫാബ്രിക്‌സ്‌ എന്നിവിടങ്ങളിലെത്തി തൊഴിലാളികളുമായി സംവദിച്ചു. പ്രസന്റേഷൻ കോൺവന്റ്‌, ചേവായൂർ എസ്‌.സി കോളനി, കണ്ണാടിക്കൽ ക്രിസ്‌ത്യൻ കോൺവന്റ്‌, കോട്ടൂളി, വെള്ളയിൽ അനാഥാലയം എന്നിവിടങ്ങൾ സന്ദർശിച്ചു.

വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കുറ്റ്യാടിയിൽ പ്രചാരണം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്ക് പൊതു പ്രചാരണ പരിപാടികൾ ഉണ്ടായിരുന്നില്ല. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കുറ്റ്യാടി മണ്ഡലത്തിൽ പ്രചാരണം നടത്തി.