mango
പാളയത്തെ മാമ്പഴ വിപണിയിൽ നിന്ന്

കോഴിക്കോട്: സംസ്ഥാനത്ത് സീസൺ വൈകിയതിനാൽ നാടൻ മാമ്പഴ വരവ് കുറഞ്ഞെങ്കിലും മറുനാടനാൽ വിപണി സജീവം. സംസ്ഥാനത്ത് ചൂട് കനത്തതോടെ ഉത്പാദനം കുറഞ്ഞതാണ് നാടൻ മാമ്പഴത്തിന് തിരിച്ചടിയായത്.

ഒറ്റ തിരിഞ്ഞെത്തുന്ന നാടൻ മാമ്പഴത്തിന് മധുരവുമില്ല. നാട്ടിൽ സുലഭമായിക്കൊണ്ടിരുന്ന തത്തച്ചുണ്ടൻ, മൂവാണ്ടൻ, ചന്ത്രക്കാരൻ, നീലം, കർപ്പൂരം, കോട്ടൂർക്കോണം, ഒട്ടുമാങ്ങ മാമ്പഴങ്ങളൊന്നും വിപണിയിൽ കാണാനേയില്ല. കിലോയ്ക്ക് 70 രൂപ മുതൽ 200 വരെയാണ് മാങ്ങകളുടെ വില. ലഭ്യത അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. നിറത്തിലും രുചിയിലും വലിപ്പത്തിലും ഒന്നാമനായ തമിഴ്നാട്ടിൽ നിന്നെത്തുന്ന മൽഗോവയ്ക്കും മൂവാണ്ടൻ മാമ്പഴത്തിനും ആവശ്യക്കാർ കൂടുതലാണ്.

വിപണിയിൽ സാധനം കുറവായതിനാൽ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്ന മാമ്പഴവും വിപണിയിലുണ്ട്. ഇത്തരം മാങ്ങകൾക്ക് താരതമ്യേന വില കുറവാണ്. പാകമാകാത്ത മാങ്ങകൾ കാത്സ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്നതിനാൽ കാൻസർ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും പരിശോധന ഫലം നെഗറ്റീവ് ആകുന്നത് തിരിച്ചടിയാവുകയാണ്.

@ വിപണിയിൽ ഇവ

#തമിഴ്‌നാട്ടിൽനിന്നുള്ള നീലം, പഞ്ചവർണം, സിന്ദൂരം, മൽഗോവ

#ആന്ധ്രയിൽനിന്നുള്ള സപ്പോട്ട, റുമാനിയ, പ്രിയൂർ

@ വില (കിലോയ്ക്ക് രൂപയിൽ)

മൂവാണ്ടൻ മാമ്പഴം-70-100

സിന്ദൂരം- 90-120

അൽഫോൻസ 100- 150

'' പഴവിപണി കേന്ദ്രീകരിച്ച് നേരത്തെ തന്നെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. മാമ്പഴങ്ങൾ പഴുപ്പിക്കാനായി ഉപയോഗിക്കുന്നത് കാത്സ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കളാണ്. എന്നാൽ ഇത് മാമ്പഴങ്ങളിൽ നേരിട്ട് പ്രയോഗിക്കാത്തതിനാൽ സാമ്പിൾ പരിശോധനയിൽ ഇതിന്റെ അംശം കണ്ടെത്താൻ സാധിക്കില്ല''
എ. സക്കീർ ഹുസൈൻ (ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ