raheem

കോഴിക്കോട്:പ്രിയസഹോദരന്റെ ജീവൻ രക്ഷിക്കാൻ ഈ പെരുന്നാൾ കാലത്ത് മലയാളിയുടെ പെരിയ മനസ് കൈകോർത്തുപിടിച്ച് സ്വരൂപിച്ചത് ​ 34 കോടി രൂപ !. 18 വർഷമായി സൗദി ജയിലിൽ മരണം കാത്തുകിടക്കുന്ന അബ്ദുൽ റഹീം ഇനി മോചിതനാകും. മകനെ കാണാനുള്ള ഹാത്തിമയുടെ കാത്തിരിപ്പും സഫലം.

സൗദി കുടുംബത്തിന് ബ്ളഡ് മണി നൽകേണ്ട അവസാന ദിനം വരുന്ന തിങ്കളായിരുന്നത് 10 ദിവസം നീട്ടിക്കിട്ടിയതും ഭാഗ്യം. സൗദിയിലെ ഇന്ത്യൻ എംബസിയാണിത് സാദ്ധ്യമാക്കിയത്. തുക ഇന്ന് വിദേശ മന്ത്രാലയത്തിന് കൈമാറും. അവർ ഇന്ത്യൻ എംബസിയുടെ സോഷ്യൽ വെൽഫെയർ അക്കൗണ്ടിലേക്ക് തുക മാറ്റും. തുടർന്ന് റിയാലാക്കി സൗദി കോടതി നിർദ്ദേശിക്കുന്ന അക്കൗണ്ടിലെത്തിക്കും. ഇതിന്റെ രേഖകൾ സമർപ്പിച്ചാൽ കോടതി അന്തിമ ഡിക്ലറേഷൻ നടത്തി റഹീമിനെ മോചിപ്പിക്കും.

ഇന്നലെ വൈകിട്ടോടെ 34.45 കോടി ( 34,45,​46,​568) രൂപയാണ് പിരിച്ചത്. 31,93,46,568 രൂപ അക്കൗണ്ടുകൾ വഴിയും 2.52 കോടി പണമായും ലഭിച്ചു. ആഘോഷങ്ങളും യാത്രകളും മാറ്റിവച്ചാണ് നാട്ടുകാർ റഹീമിന് വേണ്ടി ഒന്നിച്ചത്. ആദ്യഘട്ടം കിട്ടിയത് അഞ്ച് കോടിയിൽ താഴെയായിരുന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് 30 കോടി സമാഹരിച്ചത്.

2006ൽ 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി മരിച്ച കേസിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. അന്ന് 24 വയസ്. ‌‌തലയ്ക്ക് താഴെ ചലനശേഷിയില്ലാത്ത അനസിനെ പരിചരിച്ചിരുന്നത് റഹീമായിരുന്നു. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്ദുല്ലയുടെ മകനാണ് അനസ്. 2006 ഡിസംബറിൽ,​ ഡ്രൈവർ വിസയിൽ സൗദിയിലെത്തിയതിന്റെ 28-ാം ദിവസം അനസുമായി ഹൈപ്പർ മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു ജീവിതം കുരുക്കിയ സംഭവം. ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിക്കാനുള്ള അനസിന്റെ ആവശ്യം റഹീം നിരാകരിച്ചു. അനസ് റഹീമിന്റെ മുഖത്തേയ്ക്ക് തുപ്പി. ഇത് തടയുമ്പോൾ അനസിന്റെ കഴുത്തിലെ ജീവൻരക്ഷാ ഉപകരണത്തിൽ റഹീമിന്റെ കൈ തട്ടി. തുടർന്ന് അനസ് മരിച്ചു.

അബ്ദുൽ റഹീം സൗദിയിലെ ബന്ധു മുഹമ്മദ് നസീറിനെ വിളിച്ചു. ഇരുവരും പൊലീസിനെ വിവരമറിയിച്ചു. റഹീമിന് വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചു. നസീർ ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തി. ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15ദശലക്ഷം റിയാൽ (34 കോടി രൂപ) നൽകിയാൽ മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്.

കോടിമനസ്സിളക്കി ബോബി

ബോബി ചെമ്മണ്ണൂർ ഈമാസം 8ന് തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചക യാത്ര തുടങ്ങിയതോടെയാണ് പണ സമാഹരണം വേഗത്തിലായത്. ഒരു കോടി രൂപ സ്വയം നൽകിയായിരുന്നു ബോബിയുടെ തുടക്കം. ഇത് വലിയ ശ്രദ്ധനേടി. റംസാൻ ദിനത്തിൽ ഈദ്ഗാഹുകളിലും പള്ളികളിലും പണപ്പിരിവ് നടത്തി. ക്ലബുകളും മറ്റും വിനോദ യാത്രകൾ മാറ്റിവച്ച് തുക നൽകി. നാട്ടിൽ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ റഹീമിനായി ഓട്ടോ തൊഴിലാളികളും പങ്കാളികളായി. സ്വകാര്യ ബസുകളും കളക്‌ഷൻ തുക നൽകി. കുടുക്ക പൊട്ടിച്ച് കുട്ടികളും പങ്കാളികളായി. ബാങ്ക് അക്കൗണ്ടുകളും യു.പി.ഐയും വഴിയും പണം എത്തി. പ്രവാസികളും പണം നൽകി. സേവ് അബ്ദുൽ റഹീം എന്ന ആപ്പും ആരംഭിച്ചിരുന്നു.

കരുതലോടെ സുരേഷ്ഗോപി

എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ ഇടപെടലും നിർണായകമായി. ബോബി ചെമ്മണ്ണൂർ ഒരു ചടങ്ങിനിടെ വിഷയം സുരേഷ് ഗോപിയെ അറിയിച്ചു. അദ്ദേഹം സൗദി, ഒമാൻ എംബസികളുമായും ഇന്ത്യൻ അംബാസഡറുമായും ബന്ധപ്പെട്ടു. ഇടപെടാമെന്ന് എംബസി ഉദ്യോഗസ്ഥർ ഉറപ്പു നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിലും വിഷയം അവതരിപ്പിച്ചു.

നന്ദി എല്ലാവരോടും. എന്റെ സങ്കടം തീർന്നു. അടുത്ത പെരുന്നാൾ മകനൊപ്പം ആഘോഷിക്കാൻ പടച്ചോൻ ആയുസ് തരട്ടെ

- ഹാത്തിമ,​

അബ്ദുൽ റഹീമിന്റെ മാതാവ്

അ​ബ്ദു​ൽ​ ​റ​ഹീ​മി​ന്റെ​ ​മോ​ച​ന​ത്തി​നാ​യി​ ​ലോ​ക​മാ​കെ​യു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ ​കൈ​കോ​ർ​ത്ത് ​സ​മാ​ഹ​രി​ച്ച​ത് 34​ ​കോ​ടി​യാ​ണ്.​ ​ഇത് മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്റെ​ ​ഉ​ദാ​ത്ത​ ​മാ​തൃ​ക​യാ​ണ്.​ ​ഇ​താ​ണ് ​യ​ഥാ​ർ​ത്ഥ​ ​കേ​ര​ള​ ​സ്റ്റോ​റി.
-​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​മു​ഖ്യ​മ​ന്ത്രി