
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച 34 കോടി രൂപ സൗദി കുടുംബത്തിന് രണ്ട് ദിവസത്തിനകം കൈമാറും. പണം സമാഹരിച്ച കാര്യം കുടുംബത്തെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു.
സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി സൗദി കുടുംബത്തിന്റെ വക്കീലുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. തുക സമാഹരിച്ചതിനാൽ വധശിക്ഷ റദ്ദാക്കാമെന്ന സൗദി കുടുംബത്തിന്റെ സമ്മതം കോടതിയിൽ അറിയിക്കണമെന്ന കത്ത് കൈമാറും. ദയാധനം വാങ്ങി റഹീമിന് മാപ്പ് നൽകിയെന്ന സമ്മതം വക്കീൽ അറിയിക്കുന്നതോടെ കോടതി വധ ശിക്ഷ റദ്ദാക്കി ഉത്തരവിടും. ഉത്തരവ് സുപ്രീം കോടതിയിലേക്ക് അയച്ച് അത് ശരിവയ്‌ക്കുന്നതോടെ ആദ്യ കടമ്പ പൂർത്തിയാകും.
തുടർന്ന് 15ദശലക്ഷം സൗദി റിയാലിന്റെ ചെക്ക് കോടതിയിൽ സമർപ്പിക്കും. ജയിൽ മോചനത്തിനുള്ള രേഖകളും നീക്കും. കോടതി ആവശ്യപ്പടുന്ന രേഖകൾ നൽകി നടപടികൾ പൂർത്തിയാക്കിയാൽ മോചനം സാധ്യമാകും. കോടതി പെരുന്നാൾ അവധിയിൽ ആയതിനാൽ തിങ്കളാഴ്ചയാകും നടപടികളിലേക്ക് കടക്കുക. തുക എത്രയും വേഗം സൗദിയിൽ എത്തിക്കാൻ ഇന്ത്യൻ എംബസി നേരത്തെ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. നാട്ടിലെ ബാങ്കുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വേഗത്തിലാക്കാൻ റഹീം സഹായ സമിതി ശ്രമിക്കുകയാണ്. വിദേശ മന്ത്രാലയത്തിന്റ അനുമതി ലഭിച്ചാൽ ഉടൻ പണം സൗദിയിലെത്തും.
റഹീമിന്റെ മോചനം വരെ നിയമസഹായ സമിതി ട്രസ്റ്റ് നിലനിർത്തും. ഇനിവരുന്ന ഫണ്ടുകൾ സ്വീകരിക്കേണ്ടെന്നാണ് സമിതിയുടെ തീരുമാനം.
ധനസമാഹരണത്തിൽ നിർണായക പങ്കുവഹിച്ച ബോബി ചെമ്മണ്ണൂർ അടക്കം നിരവധി പേരാണ് റഹീമിന്റെ മാതാവിനെയും കുടുംബാംഗങ്ങളെയും കാണാൻ വീട്ടിലെത്തുന്നത്. കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ, സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരും എത്തി.
അതിജീവിതയ്ക്ക്
പിന്തുണയുമായി
ഡബ്ല്യു.സി.സി
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് പലതവണ തുറക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി സിനിമയിലെ സ്ത്രീകളുടെ സംഘടന വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി). മൗലിക അവകാശമായ സ്വകാര്യതയ്ക്കുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട കോടതികൾ ഒരു സ്ത്രീയെ ഇങ്ങനെ തോല്പിക്കാൻ പാടുണ്ടോയെന്ന് ഡബ്ല്യു.സി.സി സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ പ്രതികരണത്തിൽ ചോദിച്ചു. മെമ്മറി കാർഡിൽ നിന്ന് വിവരങ്ങൾ ചോർന്നെന്ന ഫോറൻസിക് ലാബ് വെളിപ്പെടുത്തൽ നീതിബോധമുള്ളവരെ ഞെട്ടിക്കും. ഇരയുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ കാണാൻ കോടതി ആരെയും അനുവദിക്കില്ലെന്നായിരുന്നു വിശ്വാസം. കോടതിയുടെ സുരക്ഷയിലിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പലതവണ മാറിയെന്ന കണ്ടെത്തൽ അവളെ മാത്രമല്ല സമാന സാഹചര്യത്തിൽ നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയും മുറിവേല്പിച്ചു.