1
നാട്ടുവിഷുക്കണിയിൽ നിന്ന്

കോഴിക്കോട്: കേരളത്തിൽ തന്നെ ആദ്യമായി തിരുവണ്ണൂർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുവിഷുക്കണി ഒരുക്കി. തിരുവണ്ണൂർ ആൽത്തറയിൽ വിപുലമായ ചേരുവകളോടെ ഒരുക്കിയ നാട്ടുവിഷുക്കണിക്ക് ആയിരത്തോളം ജനങ്ങളാണ് പങ്കെടുത്തത്. പുലർച്ചെ 5മണിക്ക് കണി ഒരുക്കി. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ആദ്യ ദീപം തെളിയിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, അഭിനേത്രി സജിത മഠത്തിൽ, വാർഡ് കൗൺസിലർ ആയിഷാബി എന്നിവർ ചടങ്ങിൽ പങ്കെടെുത്തു.
ചന്ദ്രസൂര്യോത്സവം വിഷു-പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നേരത്തെ ഗംഭീര ഇഫ്താർ വിരുന്നും സംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര-നാടക- സാംസ്‌കാരിക പ്രവർത്തകൻ മോൻടെൻ തിരുവണ്ണൂർ വികസിപ്പിച്ചെടുത്ത ആശയം തിരുവണ്ണൂർ പൈതൃക പദ്ധതിക്ക് വേണ്ടി പ്രവർത്തിച്ച ജനകീയ കൂട്ടായ്മ ഏറ്റെടുക്കുകയായിരുന്നു. കുരുത്തോല, പച്ചഓല, വാഴ എന്നിവകൊണ്ട് അലങ്കരിച്ച ആൽത്തറ വിഷുക്കണി ചിത്രകാരൻ അരുൺ ചാണക്യയുടെ കലാസംവിധാനത്തിൽ ഒത്തുകൂടിയവർക്ക് പുത്തൻ അനുഭവം സമ്മാനിച്ചു. ഷൈജു പൂളക്കണ്ടിയുടെ നേതൃത്വത്തിൽ കുട്ടികൾ വിഷുഗാനങ്ങൾ ആലപിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ ബീന ഫിലിപ്പ്, സജിത മഠത്തിൽ എന്നിവർ ചേർന്ന് വിഷുക്കൈനീട്ടം നൽകി.
മനസുകൾ തമ്മിൽ ചേർന്ന് വളരാൻ ഇത്തരം ഉദ്യമങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ തുടരേണ്ടതാണെന്ന് മേയർ ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു. പത്മശ്രീ ജേതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് തിരുവണ്ണൂർ ജനകീയ കൂട്ടായ്മക്ക് വേണ്ടി മേയർ ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ തിരുവണ്ണൂർ ജനകീയ കൂട്ടായ്മ ചന്ദ്രസൂര്യോത്സവം ചെയർമാൻ മോൻടെൻ തിരുവണ്ണൂർ, ജനറൽ കൺവീനർ എൻ പി മൻസൂർ, കോർഡിനേറ്റർ സുമിത്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ വൈഷ്ണവ് പുല്ലാട്ട്, ട്രഷറർ ഹനീഫ വാഴയിൽ , അംഗങ്ങളായ ജിനീഷ് അബ്ദുള്ള , നിസാർ, അർഷാദ്, കെ പി പ്രദീപ്,മനോജ്‌ ബാബു എന്നിവർ പങ്കെടുത്തു.