@സമരത്തിനൊരുങ്ങി അമ്മ ബിന്ദു
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഗുരുതരാവസ്ഥയിലായിരുന്ന നവജാത ശിശു മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ നടക്കുത്ത് കോരങ്ങൽ വീട്ടിൽ ഗിരീഷ് -ബിന്ദു ദമ്പതികളുടെ നാലുമാസം പ്രായമായ കുട്ടിയാണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടത്. ജനിച്ച സമയത്ത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞ്
ശ്വാസം കിട്ടാതെ മസ്തിഷ്ക ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ 4 മാസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് സ്ഥിതി ഗുരുതരമായതോടെയാണ് കുഞ്ഞ് മരണപ്പെട്ടത്. ആദ്യം കുഞ്ഞ് ഇടയ്ക്കൊക്കെ കണ്ണ് തുറക്കുമായിരുന്നു. പിന്നീട് അതുമില്ലാതായി. പതിനേഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗിരീഷ് ബിന്ദു ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. താമരശ്ശേരി ഗവ.ആശുപത്രിയിലായിരുന്നു ബിന്ദു ഗർഭിണിയായപ്പോൾ ചികിത്സ തേടിയിരുന്നത്. ഡിസംബർ 21 ന് ഡോക്ടർമാർ പ്രസവതിയതി അറിയിച്ചിരുന്നതെങ്കിലും 12 ന് രാത്രി പ്രസവവേദന അനുഭവപ്പെട്ടതോടെ ബിന്ദു ആശുപത്രിയിലെത്തി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഗെെനക്കോളജിസ്റ്രിനെ ജീവനക്കാർ വിളിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക് അയക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഗർഭപാത്രത്തിൽ തല തിരിഞ്ഞ നിലയിൽ കിടന്നിരുന്ന കുഞ്ഞിന്റെ കാൽ പുറത്തേക്ക് വന്നതോടെ യുവതിയുടെ അടിപ്പാവാട വലിച്ചു കീറി അടി വയറിൽ മുറുക്കിക്കെട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നെന്നാണ് ബിന്ദു പറയുന്നത്. ബിന്ദു മെഡിക്കൽ കോളേജിലെത്തി ശസ്ത്രക്രിയയില്ലാതെ പ്രസവിച്ചു. എന്നാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസമുണ്ടായി കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ അപ്പോൾ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി, ഡി.എം.ഒ, താമരശ്ശേരി താലൂക്കാശുപത്രി സൂപ്രണ്ട്, താമരശ്ശേരി പൊലീസ് എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
@ നീതിക്കായി സമരരംഗത്തിറങ്ങും: ബിന്ദു
തന്റെ കുഞ്ഞിന്റെ മരണത്തിന് കാരണക്കാരായ ആശുപത്രി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും, മതിയായ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങുമെന്ന് ബിന്ദു പറഞ്ഞു. സംഭവം നടന്നു ദിവസങ്ങൾക്കുള്ളിൽ ഡിഎംഒ, ആരോഗ്യമന്ത്രി, എം.എൽ.എ, പൊലീസ് തുടങ്ങി എല്ലാവർക്കും പരാതി നൽകിയിരുന്നു. എന്നാൽ കാര്യം വിളിച്ചന്വേഷിക്കാൻ പോലും ആരും തയ്യാറായിട്ടില്ല. കുഞ്ഞിന്റെ മൃതദേഹവുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ മുന്നിൽ സമരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂറിനകം മൃതദേഹം മറവു ചെയ്തില്ലെങ്കിൽ രക്തമൊലിക്കുമെന്നും വികൃതമാവുമെന്നും ഡോക്ടർ പറഞ്ഞതിനാൽ പിന്തിരിയുകയായിരുന്നു. നിലവിൽ വാടക വീട് പോലും നഷ്ടപ്പെട്ട സ്ഥിതിയാണ്. നീതി ലഭിച്ചില്ലെങ്കിൽ വരുന്ന ദിവസങ്ങളിൽ സമരവുമായി മുന്നോട്ടു പോകും