കോഴിക്കോട്: നിന്നുതിരിയാൻ പോലുമാവാത്തത്ര ആൾത്തിരക്ക്, ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ. ഇതൊന്നും രാഹുൽ ഗാന്ധിയെന്ന പ്രിയ നേതാവിനുവേണ്ടി മണിക്കൂറുകളോളം കാത്തിരിക്കാൻ അവർക്കൊരു തടസമായിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച സമയവും കടന്ന് ഏറെനേരമായിട്ടും രാഹുൽ ഗാന്ധി എത്താതിരുന്നിട്ടും മലബാറിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ആളുകളാണ് കോഴിക്കോട്ടെ കടപ്പുറത്തെത്തിയത്. പലരും നേരത്തെയെത്തി സീറ്രുറപ്പിച്ചു. മറ്റ് പലരും ബീച്ചിന്റെ പല ഭാഗങ്ങളിലും നിലയുറപ്പിച്ചു.
യു.ഡി.എഫ് മഹാറാലിക്കായി കോഴിക്കോടെത്തിയ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പാണ് പ്രവർത്തകരും നേതാക്കളും നൽകിയത്. വയനാട്ടിൽ നിന്നും വൈകീട്ട് ആറുമണിയോടെ വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം ജനങ്ങളുംഎത്തിയിരുന്നു. ആറുമണിയോടെ വിക്രം മൈതാനിയിൽ രാഹുൽ ഗാന്ധി എത്തി. കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നീ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എം.കെ രാഘവൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ, കെ.സി അബു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എം നിയാസ്, അഡ്വ. കെ. ജയന്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
വെെകീട്ട് 7 മണിയോടെ കടപ്പുറത്തെ വേദിയിൽ രാഹുൽ ഗാന്ധി എത്തുമെന്നറിയിച്ചിരുന്നെങ്കിലും 7.45ഓടെയാണ് വന്നത്. രാഹുൽ ഗാന്ധി എത്തിയ നിമിഷം മുതൽ കരഘോഷങ്ങളും മുദ്രാവാക്യം വിളികളുമായി സദസ്സ് ഇളകിമറിഞ്ഞു. കടപ്പുറവും കടന്ന് റോഡരികിൽവരെ ആളുകൾ തിങ്ങി നിറയുന്നുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥികളായ എം.കെ രാഘവൻ (കോഴിക്കോട് ), ഷാഫി പറമ്പിൽ (വടകര) , അബ്ദുസമദ് സമദാനി (പൊന്നാനി), ഇ.ടി മുഹമ്മദ് ബഷീർ (മലപ്പുറം) തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
@ ഹെലികോപ്റ്റർ ഇറങ്ങുന്നതിൽ ആദ്യം ആശങ്ക പിന്നീട് അനുമതി
രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാൻ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീടത് പരിഹരിക്കപ്പെട്ടു. കരസേനയുടെ വെസ്റ്റ് ഹിൽ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്റർ ഇറങ്ങേണ്ടത്. ഹെലികോപ്റ്റർ ഇറക്കാൻ നേരത്തെ അനുമതി വാങ്ങാതിരുന്നതാണ് അനുമതി നിഷേധിക്കപ്പെടാൻ കാരണം. പിന്നീട് കോൺഗ്രസ് നേതാക്കൾ കരസേന അധികൃതരോട് സംസാരിച്ചതിനെ തുടർന്നാണ് അനുമതി നൽകിയത്.
വികാരാധീനനായി എം.കെ.രാഘവൻ,
പഞ്ചായത്ത് മെമ്പറെ ബഹുമാനിക്കുന്നു
കോഴിക്കോട്: രാഹുൽഗാന്ധി പങ്കെടുത്ത കോഴിക്കോട് കടപ്പുറത്തെ മഹാറാലിയിൽ വികാരാധീനനായി യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവൻ. താനൊരു എം.പിയാവാൻ കൊള്ളില്ലെന്നും കേവലം ഒരു വാർഡ് മെമ്പറാവാൻ പറ്റുമെന്നാണ് കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിമർശിച്ചത്. താനത് ഹൃദയപൂർവം സ്വീകരിക്കും. ഒരു പഞ്ചായത്ത് മെമ്പർ എന്നത് ഒരു മോശപ്പെട്ട പദവിയല്ല. പിന്നെ മറ്റൊരാരോപണം താൻ കല്യാണവീട്ടിലും മരണവീട്ടിലും പോകുന്നവനാണെന്ന്. ശരിയാണ് താൻ കല്യാണ വീട്ടിലും മരണ വീട്ടിലും പോകുന്നവനാണ്. അതും ഒരു എം.പിയുടെ ജീവിതത്തിന്റെ ഭാഗമാണ്. മരിച്ചവീട്ടിലും കല്യാണവീട്ടിലും പോകാൻപാടില്ലേ. അവരുടെ സങ്കടങ്ങൾ കേൾക്കാൻപാടില്ലേ...? പാർട്ടി സമ്മേളനങ്ങളിൽ മാത്രം പങ്കെടുക്കേണ്ടവരാണോ എം.പി.മാർ..? കോഴിക്കോട്ടെ റെയിൽവേസ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി അതിനെതിരെ സമരം ചെയ്തില്ലേ. ഇവരാണോ കോഴിക്കോടിന്റെ വികസനം ആഗ്രഹിക്കുന്നതെന്നും രാഘവൻ പറഞ്ഞു.