നാദാപുരം: ഇന്ത്യൻ പാർലമെന്റിൽ സി.എ.എ. നിയമം പാസാക്കുമ്പോൾ കോൺഗ്രസ് മിണ്ടാതിരിക്കുകയായിരുന്നുവെന്ന് ഐ.എൻ.എൽ. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. നാദാപുരത്ത് നടന്ന എൽ.ഡി.എഫ്. മേഖലാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ റാലിയിൽ മുസ്ലിംലീഗിന് പതാക ഒളിപ്പിക്കേണ്ട അവസ്ഥ ഉണ്ടായത് ദു:ഖകരമാണ്. ജനാധിപത്യം സംരക്ഷിക്കാൻ ഇടതുപക്ഷത്തിനെ വിജയിപ്പിക്കണം. ബിജെപിക്കും ആർ.എസ്.എസിനുമെതിരെ ശബ്ദ മുയർത്തുന്നത് ഇടതുപക്ഷമാണ്. ആർ.എസ്.എസ്. ബഹുസ്വരത തകർക്കുകയാണ്. ഇന്ത്യൻ പാർലമെന്റ് ഉദ്ഘാടനത്തിന് ദളിത് വിഭാഗത്തിൽപെട്ടതിനാൽ ഇന്ത്യൻ പ്രസിഡന്റിനെ ഒഴിവാക്കി. ചാതുർ വർണ്യത്തിൽ അധിഷ്ഠിതമായ ആശയം പിന്തുടരുന്നതിനാലാണ് പ്രസിഡൻ്റ് മാറ്റി നിർത്തപ്പെട്ടതെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞു. നാസർ കുറുവമ്പത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, പി.പി. ചാത്തു, കെ.പി. ബിനിഷ, പി. എം. നാണു, കരിമ്പിൽ ദിവാകരൻ, സി.എച്ച്. മോഹനൻ, കോടോത്ത് അന്ത്രു, സമദ് നരിപ്പറ്റ, എന്നിവർ പ്രസംഗിച്ചു. എരോത്ത് ഫൈസൽ സ്വാഗതം പറഞ്ഞു.