shafi-paramabil

കേരളത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ മുൻ നിരയിലാണ് വടകര.യു.ഡി.എഫ്സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷാഫി പറമ്പിൽ എം.എൽ.എ ഏറ്റു മുട്ടുന്നത് സി.പി.എമ്മിലെ ഏറ്റവും ജനകീയ മുഖമായ മറ്റൊരു എം.എൽ.എ കെ.കെ.ശൈലജയോടാണ്.വിവാദങ്ങൾ കത്തിപ്പടരുമ്പോൾ ഇരുവരും കേരളകൗമുദിയുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:

ബോംബാണോ വികസനമാണോ

വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണായുധം..?

ബോംബും കൊലപാതകവും വികസനവുമെല്ലാം വടകരയുടെ പ്രശ്‌നങ്ങളാണ്. തുടക്കത്തിൽ കൊലപാതകരാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ അതെല്ലാം പഴങ്കഥകളെന്ന് ആക്ഷേപിച്ചു . പക്ഷെ പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ അത് പൊട്ടി സി.പി.എം പ്രവർത്തകൻ മരിച്ചപ്പോൾ എല്ലാം എല്ലാവർക്കും ബോധ്യമായില്ലേ...?

സൈബർ ആക്രമണത്തിനെതിരെ കെ.കെ.ശൈലജ

പരാതി കൊടുത്തു ?

പച്ചക്കള്ളമാണ് പറയുന്നത്. ടീച്ചറുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നെന്നാണ് ആക്ഷേപം. സത്യം പറഞ്ഞാൽ അങ്ങനെയൊരു ചിത്രം ഞാനിതുവരെ കണ്ടിട്ടില്ല. എവിടുന്നാണ് അത് പ്രചരിക്കുന്നത്, ആരാണ് പിന്നിലെന്ന് അറിയില്ല. അറിയാത്ത കാര്യത്തിന് എങ്ങിനെയാണ് മറുപടി പറയുക. മറ്റൊരാരോപണം തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചെന്നാണ്. എവിടെയാണ് താനങ്ങനെ ഒരു കാര്യം ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളികൾ മാത്രമല്ല, കേരളത്തിലെ എല്ലാ സ്ത്രീകളേയും അമ്മമാരും സഹോദരിമാരുമായി കാണുന്നതാണ് ശീലം.വടകരയുടെ മനസറിയാനും ജയിക്കാനും. ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല,

പാലക്കാടിന്റെ എം.എൽ.എ ആയി തുടരുമോ..?

പാലക്കാടെന്റെ വീടാണ്. പക്ഷെയിപ്പോൾ വടകരക്കാർ എന്നെ ദത്തെടുത്തു കഴിഞ്ഞു. ഈ നാടും നാട്ടുകാരും ഇവിടുത്തെ പ്രശ്‌നങ്ങളും ഇപ്പോൾ എന്റെ വീട്ടുകാര്യം പോലെയായി. വരുന്ന അഞ്ചുവർഷം ഷാഫി വടകരയുണ്ടാവും. അതാണ് ഇവിടുത്തെ നാട്ടുകാർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

 വികസനത്തിൽ ഏറ്റവും പിറകിൽ നിൽക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര,

കഴിഞ്ഞ മൂന്നുടേമായി യു.ഡി.എഫ് ഭരിക്കുന്നു, ?

ഒന്നും സംഭവിച്ചില്ലെന്ന് പറയുരുത്. പതിനഞ്ച് വർഷത്തിന് മുമ്പ് ഒരു വടകരയുണ്ടായിരുന്നു. അന്നത്തെ റെയിൽവേസ്റ്റേഷനുകളും റോഡുകളും എന്തായിരുന്നു. എല്ലാം മാറിയില്ലേ. അതിലെല്ലാം ഇവിടെ ഭരിച്ച മുല്ലപ്പള്ളിയുടേയും മുരളീധരന്റേയും മുദ്ര പതിഞ്ഞിട്ടുണ്ട്.

ചന്ദ്രശേഖരനിലാണ് പ്രചരണം തുടങ്ങിയത്, പിന്നാലെ വന്നു

പാനൂർ ബോംബ് സ്‌ഫോടനം..?

ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷി സ്തൂപത്തിന് മുമ്പിൽ നിന്നാണ് ഞാൻ പ്രചരണത്തിന് തുടക്കം കുറിച്ചത്. ടി.പിയെ വെട്ടിക്കൊന്ന പഴയ രാഷ്ട്രീയം പറയാനായിരുന്നില്ല അത്. വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു കോടതി വിധി വന്നു. പ്രതികൾക്കെല്ലാം ഇരട്ട ജീവപര്യന്തം. പോരാതെ ഈ മണ്ഡലത്തിൽ പെടുന്ന രണ്ട് സി.പി.എം നേതാക്കളെക്കൂടി ശിക്ഷിച്ചു. അപ്പോൾ പിന്നെ ചന്ദ്രശേഖരനിൽ നിന്നല്ലാതെ എവിടുന്ന് തുടങ്ങും. അതിനെ അവർ പരിഹസിച്ച് കൊണ്ടിരിക്കുമ്പഴാണ് പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ ഒരു യുവാവിന്റെ ദാരുണാന്ത്യം ഉണ്ടായത്. പാർട്ടി സെക്രട്ടറിയും പാർട്ടിയുമെല്ലാം അവരെ തള്ളിപ്പറഞ്ഞു. പക്ഷെ ഒരു ചോദ്യം ബാക്കിയാണ്. ആരെ കൊല്ലാനാണ് ഈ ബോംബൊക്കെ ഉണ്ടാക്കിയത്. മറുപടി അവർ പറയേണ്ട, ജനം ബാലറ്റിലൂടെ പറയും. ഷാഫി ഇവിടെതന്നെ ഉണ്ടാവും.