കോഴിക്കോട്: മോദി തരംഗം കോഴിക്കോട് മണ്ഡലത്തിലും ആഞ്ഞടിക്കുമെന്ന് കോഴിക്കോട് ലോക്സഭാമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലുടനീളം നരേന്ദ്ര മോദിക്കനുകൂലമായ തരംഗം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ കഴിഞ്ഞ ദിവസത്തെ കേരള സന്ദർശനത്തിലെ ജനപിന്തുണ ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തുന്നത് ഈ ജനപിന്തുണ തിരിച്ചറിഞ്ഞിട്ടാണ്. കേരളത്തിലുടനീളം പ്രകടമായ മോദി തരംഗം കോഴിക്കോടും ശക്തമായി ആഞ്ഞടിക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.
കുന്ദമംഗലം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. പി. സുരേഷ്, ഗിരീഷ് തേവള്ളി, എൽ.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൻ. വി. സുകുമാരൻ, ടി.ദേവദാസ് , സുഭദ്രൻ, ജിജീഷ് മാമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബി.ജെ.പി നേതാക്കളായ ടി. ചക്രായുധൻ, എം. സുരേഷ്, വിപിൻ കെ.ടി, പി.സി. പ്രമോദ്, ടി.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ ചേളന്നൂർ മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും എം.ടി. രമേശ് പങ്കെടുത്തു.