വടകര: മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്‌ട്രമാക്കണമെങ്കിൽ ഫെഡറലിസം ഇല്ലാതാക്കണമെന്നും അതിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വടകരയിൽ തിരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനംചെയ്യുകായായിരുന്നു അദ്ദേഹം. എല്ലാം ഏകീകരിച്ച് കേന്ദ്രീകൃതാധികാരത്തിലാക്കാൻ നോക്കുന്നു, അതിനാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ മുദ്രാവാക്യങ്ങൾ കൊണ്ടുവന്നത്. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു നേതാവ് എന്നതാണ് അതിന്റെ സാരം. അധികാരങ്ങളെല്ലാം കേന്ദ്രത്തിൽ ചുരുക്കുന്നതിനായാണ് സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള ബന്ധം തകർത്തത്. കേരളത്തിനു നേരെയുണ്ടായത് ഇതാണ്. അവകാശമുള്ളത് നേടിയെടുക്കാൻ കേരളത്തിന് കോടതിയിൽ പോകേണ്ടി വന്നു. തമിഴ്‌നാടിനും ബംഗാളിനുമെല്ലാം കോടതിയിലേക്ക് പോകേണ്ടിവന്നു. വൈവിദ്ധ്യങ്ങളുടെ നാടാണ് ഇന്ത്യ. വ്യത്യസ്‌തമായ ഭാഷയും സംസ്‌കാരവും മതവുമുള്ളവരുടെ നാടാണിത്. നാം നമ്മുടെ വൈവിദ്ധ്യങ്ങളിൽ അഭിമാനിക്കുന്നു. ഈ വൈവിദ്ധ്യങ്ങൾ ഇല്ലാതാക്കുയാണ് ബിജെപിക്ക് വേണ്ടത്. രാജ്യം ഛിന്നഭിന്നമാക്കുമെന്നതാണ് മോദിയുടെ ഗ്യാരന്റി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും അഴിമതിയിൽ മുങ്ങിയ സർക്കാരാണ് കേന്ദ്രത്തിലുള്ളത്. അഴിമതിക്കാരുടെ നേതാവായി മോദി മാറി. അഴിമതിയില്ലാതാക്കുമെന്ന് വാഗ്‌ദാനം നൽകിയവർ ഇലക്‌ടറൽ ബോണ്ട് വഴി അഴിമതി നിയമവിധേയമാക്കിയെന്നും യെച്ചൂരി പറഞ്ഞു. അഡ്വ. സി വിനോദൻ അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഇ.കെ വിജയൻ, അഹമ്മദ് ദേവർകോവിൽ, സി.പി. എം ജില്ലാ സെക്രട്ടറി പി മോഹനൻ, മനയത്ത് ചന്ദ്രൻ, സി കെ നാണു, വത്സൻ പനോളി, കെ.പി ബിന്ദു, മുക്കം മുഹമ്മദ്, ടി എൻ കെ ശശീന്ദ്രൻ, ബാബു പറമ്പത്ത്, നിസാം വടകര എന്നിവർ പ്രസംഗിച്ചു. ടി പി ബിനീഷ് സ്വാഗതം പറഞ്ഞു.