election
election

കോഴിക്കോട്: രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ പ്രചാരണത്തിൽ കരുത്ത് പകർന്ന് ദേശീയ നേതാക്കളെത്തിയതോടെ പ്രചാരണത്തിന്റെ ചൂടുകൂടി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രചാരണത്തിനെത്തി. സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെനും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനായിരുന്നു യു.ഡി.എഫിനായി ഇന്നലെ പ്രചാരണം കൊഴുപ്പിച്ചത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തിയിരുന്നു.

വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ഡി.എഫിനെതിരെ കഴിഞ്ഞ ദിവസം ഉയർത്തിയ വ്യക്തി അധിക്ഷേപ ആരോപണത്തിൽ പ്രതികരണമായി എം.എൽ.എമാരായ കെ.കെ. രമയും ഉമാതോമസും രംഗത്തെത്തി. സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളെ തള്ളിപ്പറഞ്ഞ യു.ഡി.എഫ് ക്യാമ്പ് കെ.കെ. ശൈലജയ്ക്കെതിരായ അഴിമതി അരോപണങ്ങൾ ഇനിയും ഉയർത്തുമെന്ന് വ്യക്തമാക്കി.

തലശ്ശേരി നിയോജക മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്നലെ പ്രചാരണം നടത്തിയത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഗുരുദേവ സന്നിധിയിൽ സർവ്വ മത പ്രാർത്ഥനയോടെയാണ് ഷാഫി പറമ്പിൽ പ്രചാരണം ആരംഭിച്ചത്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു ഇടത് പ്രചാരണത്തിന് നേതൃത്വം നൽകിയത്. കോൺഗ്രസിനെ കടന്നാക്രമിച്ച അദ്ദേഹം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്തത് സി.പി.എമ്മാണെന്ന് പറഞ്ഞു. കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥാനാർത്ഥി കെ.കെ. ശൈലജ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി.

കേരളത്തിൽ തല്ലു കൂടുന്നവർ ഡൽഹിയിൽ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് ആരോപിച്ചു. കേരളത്തിലെ റബ്ബർ കർഷകർ ഉൾപ്പെടെയുള്ളവരോട് പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് ബി.ജെ.പി ഉറപ്പുനൽകുന്നതായി അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽകൃഷ്ണൻ തലശ്ശേരിയിൽ പ്രചാരണം നടത്തി.

കോഴിക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം കൊടുവള്ളി നിയോജകമണ്ഡലത്തിൽ പ്രചാരണം നടത്തി. വേനക്കാവിൽ നിന്നാണ്പര്യടനം ആരംഭിച്ചത്. കട്ടിപ്പാറ, കൂടത്തായി,വെളിമണ്ണ, എരഞ്ഞിക്കോത്ത് മാനിപുരം, മുത്തമ്പലം, പട്ടിണിക്കര, നെല്ലാംങ്കണ്ടി, പറക്കുന്ന്, പുതുവയൽ കേന്ദ്രങ്ങൾ പിന്നിട്ട് കാവിലുമ്മാരത്ത് എത്തിയപ്പോൾ വലിയ ആരവം. ആരാമ്പ്രം, രാംപൊയിൽ, വട്ടപ്പാറ പൊയിൽ, പൈക്കോട്ട്താഴം, ഇല്ലത്ത് താഴം, മേലെ പാലങ്ങാട്, വെട്ടുകല്ലുംപുറത്തും സ്വീകരണത്തിന് ശേഷം എളേറ്റിൽ സമാപിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി. മഠത്തിൽ മുക്ക്, കാട്ടുകുളങ്ങര, തൊണ്ടയാട്, പൊറ്റമ്മൽ, പറയഞ്ചേരി, പുതിയസ്റ്റാൻഡ്, ആനകുളം,ജയിൽ റോഡ്, പുഷ്‌പ ജംഗ്ഷൻ, കാളൂർ റോഡ്, മിംസ് സമീപം, ഗോവിന്ദപുരം ജംഗ്ഷൻ, ചെറിയ മാങ്കാവ്, തളികുളങ്ങര, പട്ടേൽതാഴം, പൂവ്വങ്ങൾ, നോർത്ത് പള്ളി, വെസ്റ്റ് മാങ്കാവ്, മാളു'അമ്മ ജംഗ്ഷൻ, പാർവതിപുരം റോഡ്, വട്ടക്കിണർ, മാത്തോട്ടം, കോയ വളപ്പ്, വൈ.എം.ആർ.സി, ചാമുണ്ഡി വളപ്പ്, ചന്ദ്രിക മെറ്റൽസ്, ബി.എസ്ടി, ചുള്ളികാട്, നൈനാം വളപ്പ്, പള്ളിക്കണ്ടി, കുണ്ടുങ്ങൽ, മുഖദാർ, ചാപ്പയിൽ, ടിബി ക്ലിനിക് ജംഗ്ഷൻ എന്നിവിടങ്ങളിലായിരുന്നു പ്രചാരണം. എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് കുന്ദമംഗലം നിയോജക മണ്ഡലത്തിലും ചേളന്നൂരിലും പ്രചാരണം നടത്തി.