
കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ ആറ് പുസ്തകങ്ങൾ 20, 21 തീയതികളിൽ പ്രകാശനം ചെയ്യും. 'ഹെവൻലി ഐസ്ലാൻഡ് ' എന്ന പുസ്തകം 20ന് ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ ശ്രീ ഭാരതി തീർത്ഥ മഹാസ്വാമിജി (ശൃംഗേരി ശാരദാപീഠം മഠത്തിലെ ശങ്കരാചാര്യൻ) ജ്ഞാനപീഠം ജേതാവ് ദാമോദർ മൗസോയ്ക്ക് നൽകി പ്രകാശനം ചെയ്യും. അഞ്ച് പുസ്തകങ്ങൾ 21ന് കേന്ദ്ര സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. കുമുദ് ശർമ്മ പ്രകാശനം ചെയ്യും. ഇന്ത്യയുടെ പരമ്പരാഗത വൃക്ഷങ്ങളെക്കുറിച്ചുള്ള 'വൃക്ഷ വൈജ്ഞാനിക സദസ് അരങ്ങേറും. പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് ഉയർന്ന
ഗ്രാറ്റുവിറ്റി നല്കണം:ലോകായുക്ത
തിരുവനന്തപുരം:1972ലെ പേയ്മെന്റ് ഒഫ് ഗ്രാറ്റുവിറ്റി ആക്ട് അനുസരിച്ചുള്ള പരമാവധി ഗ്രാറ്റുവിറ്റി എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് നല്കണമെന്ന് ലോകായുക്ത സർക്കാരിന് ശുപാർശ നൽകി. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ അദ്ധ്യാപികയായിരുന്ന സവിത തങ്കച്ചി നല്കിയ പരാതിയിലാണ് നടപടി.
എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് കെ.എസ്.ആർ പ്രകാരമുള്ള ഗ്രാറ്റുവിറ്റിക്ക് മാത്രമേ അർഹതയുള്ളൂ എന്ന് വിലയിരുത്തി 7ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ 1972ലെ പേയ്മെന്റ് ഒഫ് ഗ്രാറ്റുവിറ്റി ആക്ടാണ് എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് ബാധകമെന്ന് കണ്ടെത്തിയാണ് ലോകായുക്ത ശുപാർശ. ഇതനുസരിച്ച് പരാതിക്കാരിക്ക് ഗ്രാറ്റുവിറ്റിയായി 10 ലക്ഷം ലഭിക്കും.
ശുപാർശയിൽ സ്വീകരിച്ച നടപടികൾ ജൂൺ 25ന് സർക്കാർ അറിയിക്കണം. ലോകായുക്ത ജസ്റ്റിസായിരുന്ന സിറിയക് ജോസഫും ഉപ ലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരാതി പരിഗണിച്ചത്. പരാതിക്കാരിക്കു വേണ്ടി തഴവ കെ. പി. ജയപ്രകാശ് ഹാജരായി.
എസ്.ബി.ടി ഓർമ്മക്കൂട് പുരസ്കാരം
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ ഓഫീസർമാരായി ജോലി ചെയ്തിരുന്നവരുടെ കലാസാംസ്കാരിക സംഘടനയായ 'എസ്.ബി.ടി ഓർമ്മക്കൂടി''ന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് നിരൂപകൻ ആഷാമേനോനും പ്രതിഭാസമ്മാൻ പുരസ്കാരത്തിന് പ്രശസ്ത ചിത്രകാരനും കാലിഗ്രാഫി ആർട്ടിസ്റ്റുമായ നാരായണഭട്ടതിരിയും അർഹരായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് 27ന് പാളയം ബിഷപ്പ് പെരേര ഹാളിൽ നടക്കുന്ന 'എസ്.ബി.ടി സ്മൃതി സംഗമ''ത്തിൽ നൽകുമെന്ന് ഭാരവാഹികളായ ഡോ.കെ.എസ്.രവികുമാർ, പി.വി.ശിവൻ, എം.ദേവീപ്രസാദ്, ജി.ആർ.ജയകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹിന്ദുമഹാസഭയുടെ
പിന്തുണ എൽ.ഡി.എഫിന്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് അഖിലഭാരതഹിന്ദുമഹാസഭ. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്കും ഉന്നമനത്തിനുമായി എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും പൂർണ പിന്തുണ നൽകുന്നതായും അഖിലഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്, ജനറൽ സെക്രട്ടറി അരുൺ മങ്കാട്ട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പക്ഷിപ്പനി: ഇന്ന് 21,537
വളർത്തു പക്ഷികളെ കൊല്ലും
സ്വന്തം ലേഖകൻ
ആലപ്പുഴ: എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരം പ്രദേശത്തെ പക്ഷികളെ കൊന്ന് കത്തിക്കുന്ന (കള്ളിംഗ്) നടപടികൾ ഇന്നാരംഭിക്കും. രോഗം റിപ്പോർട്ട് ചെയ്ത ഒരുകിലോമീറ്റർ ചുറ്റളവിലെ 15 വീടുകളിലെ 446 വളർത്തുപക്ഷികൾ ഉൾപ്പെടെ 21,537 പക്ഷികളെ ഇന്ന് കൊല്ലും. ഭോപ്പാലിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പ്രദേശങ്ങളിലെ താറാവ്, കോഴി, കാട, മറ്റുവളർത്തി പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കഷ്ടം (വളം) എന്നിവയുടെ വില്പന 25വരെ കളക്ടർ നിരോധിച്ചിട്ടുണ്ട്.