ജില്ലയിൽ ഇന്നലെ പോൾ ചെയ്തത് 228 തപാൽ വോട്ടുകൾ
കോഴിക്കോട് : തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കായുള്ള തപാൽ വോട്ടിംഗിന് ജില്ലയിൽ തുടക്കം. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിൽ പ്രത്യേകമായി ഒരുക്കിയ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലാണ് തപാൽ വോട്ടിംഗ് നടന്നത്. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് വിവിധ കേന്ദ്രങ്ങളിൽ നേരിട്ടെത്തി തപാൽ വോട്ടിംഗ് പ്രക്രിയ വിലയിരുത്തി. ആദ്യ ദിനത്തിൽ 228 ഉദ്യോഗസ്ഥരാണ് തപാൽ വോട്ടുകൾ രേഖപ്പെടുത്തിയത്.
സ്വന്തം മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമിൽ നേരത്തെ അപേക്ഷ നൽകിയവർക്കാണ് ഏപ്രിൽ 20 വരെ തപാൽ വോട്ട് ചെയ്യാനാവുക. തുടക്കത്തിൽ അതത് ജില്ലയിൽ നിന്നുള്ളവർക്കും മറ്റ് ജില്ലക്കാരുടെ പോസ്റ്റൽ ബാലറ്റുകൾ ലഭിക്കുന്ന മുറയ്ക്ക് അവർക്കും വോട്ട് രേഖപ്പെടുത്താനാവും. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന വെസ്റ്റിഹിൽ പോളിടെക്നിക്, ഗവ ലോ കോളേജ്, ജെ.ഡി.ടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജ് വെള്ളിമാട്കുന്ന്, മീഞ്ചന്ത ആർട്സ് ആന്റ് സയൻസ് കോളേജ് എന്നീ കേന്ദ്രങ്ങളാണ് കളക്ടർ സന്ദർശിച്ചത്. ജില്ലയിൽ 13 കേന്ദ്രങ്ങളിലായി നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പരിശീലനത്തിൽ 3988 ഉദ്യോഗസ്ഥർ പങ്കെടുത്തു.
പോൾ ചെയ്ത തപാൽ വോട്ടുകൾ
വടകര - 1
നാദാപുരം - 8
കുറ്റ്യാടി - 3
കൊയിലാണ്ടി -8
പേരാമ്പ്ര - 7
ബാലുശ്ശേരി - 7
എലത്തൂർ -8
കോഴിക്കോട് നോർത്ത് - 15
കോഴിക്കോട് സൗത്ത് - 15
ബേപ്പൂർ - 20
കുന്ദമംഗലം - 20
തിരുവമ്പാടി - 58
കൊടുവള്ളി - 58