vote
vote

കോഴിക്കോട് : തിരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ പോരാട്ടം മുറുക്കി വിവാദങ്ങളും കേസുകളും. വടകര എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണവും കേസുകളും വാദപ്രതിവാദങ്ങളുടെ തുടർച്ച ഇന്നലെയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പി സർക്കാറിനുമെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ കോഴിക്കോട്ട് കേസെടുത്തതും ചൂടുള്ള ചർച്ചയായി. കെ.കെ. ശൈലജയെ അപമാനിച്ചെന്ന പരാതിയിൽ പേരാമ്പ്രയിലും വടകരയിലും മട്ടന്നൂരുമെല്ലാം മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. തനിക്കെതിരായ ആരോപണം തള്ളി യു.‌ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ രംഗത്തെത്തി. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതിനെതിരെ പരാതി നൽകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എതിർ സ്ഥാനാർത്ഥിക്കെതിരെ താൻ പോസ്റ്റിട്ടു എന്ന് പറയുന്നത് തെറ്റാണെന്നും തന്റെ പേജ് ആർക്കും കേറി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള ദേശീയ സംസ്ഥാന നേതാക്കൾ ആരോപണവുമായി രംഗത്തെത്തി. പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള പ്രചാരണം യു.ഡി.എഫ് ശക്തമാക്കി. ബോംബ് നിർമ്മാണത്തിലെ വടകര ബന്ധം ചൂണ്ടിക്കാണിച്ചാണ് ആരോപണം കടുപ്പിച്ചത്.

വടകര എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ കൊയിലാണ്ടിയിൽ പ്രാചാരണം നടത്തി. തച്ചംകുന്ന്, കണ്ണംകുളം, പള്ളിക്കര, കോടിക്കൽ, കൊയിലാണ്ടി ബീച്ച്, കാപ്പാട്, കവലാട് എന്നിവടങ്ങിൽ സ്വീകരണം ഏറ്റുവാങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പേരാമ്പ്രയിൽ പ്രചാരണം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ നാദാപുരം നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി. കുടിയേറ്റ കർഷകരുടെ നാടായ പശുക്കടവിൽ നിന്നാണ് പ്രഫുൽ കൃഷ്ണൻ പര്യടനത്തിന് തുടക്കം കുറിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കർഷകരെ കൂടെ നിർത്തിയ സർക്കാർ ആണ് നരേന്ദ്രമോദി സർക്കാറെന്ന് സ്ഥാനാർത്ഥി പറഞ്ഞു.

കോഴിക്കോട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുതലക്കുളത്ത് തൊഴിലാളികളുടെ മഹാറാലി സംഘടിപ്പിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിയുമായി തപൻസെൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിയുടെ കുന്ദമംഗലം മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം രാവിലെ പാലാഴിയിൽനിന്നാണ്‌ ആരംഭിച്ചത്‌. കൊടിനാട്ടുമുക്കിലും കോഴിക്കോടൻ കുന്നിലും പ്രചാരണം നടത്തി.
പെരുമണ്ണ മേഖലാ റാലിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുത്തു. കോട്ടായ്‌താഴം, കിഴക്കെ കായലം, മലപ്രം, കണ്ണിപറമ്പ്, വെള്ളനൂർ, ഈസ്റ്റ് മലയമ്മ, കളരിക്കണ്ടി, പത്താംമൈൽ, ചെത്തുകടവ്, പൈങ്ങോട്ടുപുറം എന്നീ കേന്ദ്രങ്ങൾ പിന്നിട്ട്‌ പര്യടനം വെള്ളിപറമ്പിൽ സമാപിച്ചു.

ബേപ്പൂർ നിയോജക മണ്ഡലത്തിലെ അരീക്കാട് അങ്ങാടിയിലെ നല്ലളം റോഡിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ പര്യടനം ആരംഭിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻഹാജി ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ മുഖ്യപ്രഭാഷണം നടത്തി.

നല്ലളം ബസാർ, റഹ്‌മാൻ ബസാർ, കണ്ണാട്ടിക്കുളം, ചെറുവണ്ണൂർ ടൗൺ, ബി സി റോഡ് ജംക്ഷൻ, ബേപ്പൂർ ടൗൺ, നടുവട്ടം, പ്രിയദർശിനി ബസ്‌സ്റ്റോപ്പ്, അരക്കിണർ, വിജിത്ത്, എന്നിവിടങ്ങളിലെല്ലാം സ്വീകരണം. ഉച്ചയ്ക്ക് ശേഷം കോതൻതോട്, പൊറ്റെക്കാട്, കല്ലംമ്പാറ, പുല്ലിക്കടവ്, മുക്കത്ത്കടവ് തുടങ്ങി സ്വീകരണ വേദികൾ കടന്നു സ്ഥാനാർത്ഥി പര്യടനം. കടുക്ക ബസാർ, ചാലിയം സിദ്ദിഖ് പളളി, കൈതവളപ്പ്, കളളിവളവ്, കൊടക്കല്ലുപറമ്പ്, പരുത്തിപ്പാറ, കുന്നുമ്മൽ തടായ്, ഉണ്യാലുങ്ങൽ, മളാരിതാഴം, പൊറ്റപ്പടി, ചോയിമുക്ക്, പട്ടായിതാഴം, രാമനാട്ടുകര എന്നിവടങ്ങളിലും പ്രചാരണം നടത്തി.

വികസന രേഖ വോട്ടർമാർക്ക് മുന്നിൽ സമർപ്പിച്ചാണ് എൻ.ഡി.എ കളം നിറഞ്ഞത്. കോഴിക്കോടിന്റെ ആവശ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞുള്ള വികസന രേഖ കുമ്മനം രാജശേഖരൻ പ്രകാശനം ചെയ്തു. ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി ശ്യാംനാഥിന്റെ വെള്ളിപറമ്പിലെ വസതിയിൽ സന്ദർശിച്ചാണ് സ്ഥാനാർത്ഥി എം.ടി. രമേശ് പ്രചാരണത്തിൽ സജീവമായത്.