citu
മുതലക്കുളത്ത് സംഘടിപ്പിച്ച തൊഴിലാളികളുടെ മഹാറാലി സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്‌ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പാർലമെന്റിൽ ഇടതു ശബ്ദം കൂടുതൽ ശക്തിപ്പെടണമെന്നും രാജ്യത്തെ രക്ഷിക്കാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയുകയുള്ളുവെന്നും സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ തപൻ സെൻ പറഞ്ഞു.

മുതലക്കുളത്ത് നടന്ന തൊഴിലാളികളുടെ മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിനകത്തും പുറത്തും ജനവിരുദ്ധമായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നത് ഇടതുപക്ഷമാണ്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞപ്പോഴും യു. എ .പി. എ, ലേബർ കോഡ്, ക്രിമിനൽ നിയമ ഭേദഗതി എന്നിവയിലും കർഷക സമരത്തിലുമെല്ലാം ഇടതുപക്ഷമാണ് ശക്തമായി പ്രതിരോധമുയർ

ത്തിയത്. ഇലക്ടറൽ ബോണ്ട് അഴിമതി പുറത്തു കൊണ്ടുവന്നതും പൗരത്വ ഭേദഗതിക്കെതിരെ ശബ്ദമുയർത്തിയതും ഇടതുപക്ഷമാണ്.

പൗരത്വ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മൗനം പാലിക്കുന്ന കോൺഗ്രസ് ഉൾപ്പടെ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. അഴിമതിക്കെതിരെയും ജനദ്രോഹ നയങ്ങൾക്കെതിരെയും വർഗീയതക്കെതിരെയും പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തിന്റെ കരുത്ത് വർദ്ധിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇക്കാര്യത്തിൽ കേരളത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. കൂടുതൽ ഇടത് എം.പിമാരെ പാർലമെന്റിലേക്കയച്ച് ഈ ഉത്തരവാദിത്വം കേരളം നിറവേറ്റണം. രാജ്യം ഭരിക്കുന്നവർ കുത്തകൾക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്. കുത്തകളുടെ ലോണുകൾ എഴുതിത്തള്ളിയും കോർപറേറ്റ് നികുതി കുറച്ചും കുത്തകകളെ പരമാവധി സഹായിക്കുകയും ചെയ്യുന്നു. ബാങ്കിംഗ് രംഗത്തെ പരിഷ്‌ക്കാരങ്ങളെല്ലാം ഇത്തരം ശക്തികളെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. മോദി ഗ്യാരണ്ടി നുണയാണ്. രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും വർദ്ധിക്കുകയാണ്. കൊവിഡ് കാലത്ത് ജി.ഡി.പി താഴേക്ക് പോയപ്പോഴും കുത്തകകൾ ലാഭം കൊയ്യുകയായിരുന്നു. നവ ഉദാരവത്ക്കരണ നയത്തിന്റെ ഭാഗമായാണ് ഇതെല്ലാം സംഭവിക്കുന്നത്. നവ ഉദാരവത്ക്കരണത്തിന്റെ വക്താക്കളാണെങ്കിലും മോദിയെ നേരിടാൻ പല സംസ്ഥാനങ്ങളിലും പല രാഷ്ട്രീയ പാർട്ടികളെയും പിന്തുണയ്ക്കുന്നുണ്ട്. അത് രാജ്യ സുരക്ഷയെന്ന ലക്ഷ്യത്തോടെയാണ്. നവ ഉദാരവത്ക്കരണത്തെ എതിർക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പി. കെ. മുകുന്ദൻ സ്വാഗതം പറഞ്ഞു. പി .കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ, പി. വി. മാധവൻ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച മഹാറാലി മുതലക്കുളത്ത് സമാപിച്ചു.