കോഴിക്കോട് 6024,
വടകര 7480
കോഴിക്കോട്: ഭിന്നശേഷിക്കാർക്കും 85ന് മുകളിൽ പ്രായമായവർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിംഗിന്റെ ഒന്നാംഘട്ടത്തിൽ ജില്ലയിൽ ആകെ വോട്ട് ചെയ്തത് 13, 504 പേർ. 9360 പേർ 85 ന് മുകളിൽ പ്രായമുള്ളവരും 4144 പേർ ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരുമാണ്. കോഴിക്കോട് മണ്ഡലത്തിൽ 6024 പേരും വടകരയിൽ 7480 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. ഏപ്രിൽ 17 മുതൽ തുടർച്ചയായി നാല് ദിവസമാണ് ജില്ലയിൽ ആദ്യഘട്ട ഹോം വോട്ടിംഗ് നടന്നത്. വടകര ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിൽ ഏപ്രിൽ 16 ന് തന്നെ ഹോം വോട്ടിംഗ് തുടങ്ങിയിരുന്നു.
ഓരോ നിയമസഭ മണ്ഡലത്തിലും ഹോം വോട്ടിംഗിനായി നിയോഗിച്ച ഉദ്യോഗസ്ഥ സംഘങ്ങൾ നേരത്തെ അപേക്ഷ നൽകി, അർഹരായ വോട്ടർമാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്‌സർവർ, സുരക്ഷാ ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, ബി.എൽ.ഒ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വോട്ടിംഗിനായി വീടുകളിലെത്തിയത്. മുൻകൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന സംഘം വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിർത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉൾപ്പെടെ ഒരുക്കിയാണ് വോട്ട് രേഖപ്പെടുത്തിത്. ഒരു സംഘം ഓരോ ദിവസവും ശരാശരി 20 മുതൽ 25 വരെ വോട്ടർമാരുടെ വീട്ടിലെത്തി വോട്ടുകൾ രേഖപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
നേരത്തേ അസന്നിഹിത വോട്ടർ (ആബ്‌സെന്റീ വോട്ടർ) വിഭാഗക്കാർക്കുള്ള നിശ്ചിത ഫോമിൽ പോസ്റ്റൽ വോട്ടിനായി അപേക്ഷ നൽകിയവരിൽ അർഹതയുള്ളവർക്കാണ് വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ അവസരമുള്ളത്. അപേക്ഷ നൽകാത്തവർക്ക് 26ന് വോട്ട് രേഖപ്പെടുത്താം.
ജില്ലയിൽ ഹോം വോട്ടിംഗിനായി 4873 ഭിന്നശേഷിക്കാരും 85ന് മുകളിൽ പ്രായമുള്ള 10531 പേരുമാണ് അർഹത നേടിയത്. അപേക്ഷ നൽകാത്ത ഭിന്നശേഷിക്കാർക്കും 85 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഏപ്രിൽ 26 ന് വോട്ട് രേഖപ്പെടുത്താൻ വോട്ടെടുപ്പ് കേന്ദ്രത്തിൽ സാധിക്കും.
കോഴിക്കോട് ലോക്‌സഭ മണ്ഡലം
ആകെ- 6024
85 ന് മുകളിൽ പ്രായമുള്ളവർ- 4195
ഭിന്നശേഷി വിഭാഗം- 1829
വടകര ലോക്‌സഭ മണ്ഡലം
ആകെ- 7480
85 ന് മുകളിൽ പ്രായമുള്ളവർ -5165
ഭിന്നശേഷി വിഭാഗം- 2315