sreedharanpillai
ഗോവ രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന 'വൃക്ഷ വൈജ്ഞാനിക സദസ് ' സെമിനാർ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

പനാജി: പാരിസ്ഥിതിക പ്രശ്‌നങ്ങളെ അതിജീവിക്കാൻ പരിസ്ഥിതി കേന്ദ്രീകൃത ജീവിതത്തിലേക്ക് നാം തിരിച്ചുപോകണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. പ്രകൃതിയുമായി ലയിച്ചുചേർന്ന ജീവിതമായിരുന്നു നമ്മുടെ പൂർവികരുടേതെന്നും ഗോവ രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന വൃക്ഷ വൈജ്ഞാനിക സദസ് ഉദ്ഘാടനം ചെയ്ത് ശ്രീധരൻ പിള്ള പറഞ്ഞു. വ്യാവസായികവത്കരണത്തോടെ മനുഷ്യകേന്ദ്രിത ജീവനം എന്ന പാശ്ചാത്യ ദർശനം ജീവിതരീതിയായി മാറിയതോടെയാണ് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് തുടക്കമായത്. വൃക്ഷങ്ങൾക്കും വൈകാരികക്ഷമതയുണ്ടെന്ന് ഭാരതീയർ പുരാതനകാലം മുതൽ മനസിലാക്കിയിരുന്നു. നമ്മുടെ പുരാണങ്ങളിലും സാഹിത്യത്തിലും ഇതിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഇന്ത്യൻ ശാസ്ത്രജ്ഞൻ ജഗദീഷ് ചന്ദ്രബോസ് ഒരു നൂറ്റാണ്ടു മുമ്പെ ക്രെസ്‌കോഗ്രാഫിലൂടെ മരങ്ങളുടെ വൈകാരികക്ഷമത കണ്ടെത്തിയിട്ടുണ്ട്. പിൽക്കാലത്ത് ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫ. ലിൽഷ് ഹദാനിയുടെ നേതൃത്വത്തിലെ ഗവേഷകസംഘം ഇക്കാര്യം വീണ്ടും ശാസ്ത്രീയമായി തെളിയിച്ചു.

ഭാരതീയ ശാസ്ത്ര, പരിസ്ഥിതി ദർശനങ്ങൾക്ക് യുവതലമുറ വേണ്ടത്ര പ്രാധാന്യം നൽകേണ്ടത് അനിവാര്യതയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

നാഷണൽ ബയോ ഡൈവേഴ്‌സിറ്റി അതോറിട്ടി ചെയർമാൻ സി. അചലേന്ദർ റെഡ്ഡി പ്രസംഗിച്ചു. പ്രൊഫ. ജനാർദ്ദനം, പായിപ്ര രാധാകൃഷ്ണൻ, ഡോ. വിജയൻ ചാലോട്, രാജേന്ദ്ര പി. കേർകർ, ഡോ.പി. മനോഹരൻ, ഡോ. പ്രദീപ് പി. സർമോകദം, ഡോ.എ. സിന്ധു, കെ.കെ. മാരാർ, ഡോ. നിയ, പി.ജി. കൃഷ്ണകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പി.എസ്. ശ്രീധരൻ പിള്ളയുടെ

അഞ്ച് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പി.എസ്. ശ്രീധരൻ പിള്ളയുടെ അഞ്ച് പുസ്തകങ്ങൾ കേന്ദ്ര സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ഡോ. കുമുദ് ശർമ്മ പ്രകാശനം ചെയ്തു. ഐക്കൺസ് ഓൺ മൈ ലിറ്ററേച്ചർ, കുംകോളിം, കാവി ആർട്ട് , വികസിത് ഭാരത്, കാനക്കോണ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ദേശീയ ബയോഡൈവേഴ്‌സിറ്റി ചെയർമാൻ സി.അചലേന്ദർ റെഡ്ഡി, കെ.കെ.മാരാർ, ആർട്ടിസ്റ്റ് മദനൻ, ഡോ. എ. സിന്ധു, പായിപ്ര രാധാകൃഷ്ണൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ഗോവ സർവകലാശാല വൈസ് ചാൻസല‌ർ പ്രൊഫ.ഹരിലാൽ ബി. മേനോൻ, രാജ്ഭവൻ സെക്രട്ടറി എം.ആർ.എം. റാവു, സ്‌പെഷ്യൽ ഓഫീസർ മിഹിർ വർധൻ, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി ടി.എച്ച് . വൽസരാജ് എന്നിവർ സംസാരിച്ചു.