കോഴിക്കോട്: തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ മുസ്ലിം ലീഗിനെതിരെ കടുത്ത നിലപാടുകളുമായി സമസ്ത നേതാവ്.പാണക്കാട്ടെ പുതിയ നേതൃത്വം സമസ്തക്കെതിരെ നിലപാടെടുക്കുന്നുവെന്നും ജനറൽ സെക്രട്ടറി പി.എം.എ സലാം സമസ്തയെ നിരന്തരം അപമാനിക്കുന്നുവെന്നും സമസ്ത മുശാവറ അംഗം കൂടിയായ ഉമർഫൈസി തുറന്നടിക്കുകയായിരുന്നു.
ഹൈദരലി തങ്ങളുടെ മരണത്തെക്കുറിച്ച് പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ഹംസ നടത്തിയ ആരോപണത്തിൽ ലീഗ് നിലപാട് പറയണമെന്നും ഉമർ ഫൈസി ആവശ്യപ്പെട്ടു. വഖഫ് ബോർഡ് നിയമനം സംബന്ധിച്ച വിഷയങ്ങളിലാണ് സമസ്ത-ലീഗ് അകൽച്ച ആദ്യം തുടങ്ങുന്നത്. വഖഫ് പ്രശ്‌നങ്ങൾ പള്ളിയിൽ അവതരിപ്പിക്കണമെന്ന് ലീഗ് നിലപാടെടുത്തപ്പോൾ വേണ്ടെന്ന് പ്രഖ്യാപിച്ച സമസ്ത നേതാക്കൾ സംയുക്ത സമരത്തിൽ നിന്ന് പിൻമാറി നേരിട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഇതുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിൽ സമസ്തയെ വിമർശിച്ചു. അതോടെ ലീഗിന്റെ പോഷക സംഘടനയല്ല തങ്ങളെന്ന് പ്രഖ്യാപിച്ച് സമസ്തയും രംഗത്തെത്തി. പിന്നീട് വന്ന സി.ഐ.സി കോളേജ് വിഷയത്തിലും പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചകളിലുമെല്ലാം സമസ്ത സ്വതന്ത്ര നിലപാടുകളിലേക്ക് പോയി. ലീഗിന്റെ വിലക്ക് അവഗണിച്ച് എൽ.ഡി.എഫ് റാലികളിലും പങ്കെടുത്തു. ഏറ്റവും അവസാനം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചെന്ന പേരിൽ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം മലപ്പുറത്ത് ലീഗ് അണികൾ കത്തിച്ച സംഭവവുമുണ്ടായി. അതോടെയാണ് കടുത്ത ഭാഷയിൽ ലീഗിനെ കടന്നാക്രമിച്ച് ഉമർ ഫൈസി മുക്കം രംഗത്തെത്തിയത്.
സമസ്തക്ക് വേദനിക്കുന്ന പല കാര്യങ്ങളും മുസ്ലിം ലീഗിൽ നിന്നുണ്ടായെന്നാണ് ഉമർ ഫൈസിയുടെ കുറ്റപ്പെടുത്തൽ. പാണക്കാട്ടെ പഴയ തങ്ങന്മാർ സമസ്ത വിലക്കിയ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് ലീഗ് സമ്മേളനം നടത്തിയപ്പോൾ ജനറൽ സെക്രട്ടറി പി.എം.എ സലാം സമസ്തയെ വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ടായി.