കോഴിക്കോട്: പ്രഖ്യാപനങ്ങൾ പലതും കടലാസിലുറങ്ങിയതോടെ വീണ്ടും മാലിന്യപ്പുഴയായി കനോലി കനാൽ. കനാലിന്റെ ആഴം കൂട്ടുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതോടെ കനാലിൽ വീണ്ടും മാലിന്യം അടിഞ്ഞുകൂടിയിരിക്കുകയാണ്. കറുപ്പുനിറം കലർന്ന വെള്ളമാണ് കനാലിലൂടെ ഇപ്പോൾ ഒഴുകുന്നത്. പായൽ നിറഞ്ഞതും കടുത്ത വേനലിൽ വെള്ളത്തിന്റെ തോത് കുറഞ്ഞതും മൂലം മിക്കയിടത്തും വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. ദുർഗന്ധം വമിച്ച് കായലിന് സമീപത്തിലൂടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. നവീകരണത്തിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് കനാലിലെ ചെളിയും മാലിന്യങ്ങളും പല തവണ എടുത്തുമാറ്റിയിരുന്നു. എന്നാൽ ഒരുതവണ പോലും പ്രവൃത്തി പൂർത്തീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. എരഞ്ഞിപ്പാലം, കാരപ്പറമ്പ് ഭാഗത്ത് പായൽ ശല്യം രൂക്ഷമാണ്. കനാലിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണതയും ഇടവേളയ്ക്ക് ശേഷം വർദ്ധിച്ചു. നിരവധി പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണ് കായലിൽ പല ഭാഗത്തുമായി അടിഞ്ഞു കൂടിയിട്ടുള്ളത്. മാലിന്യം അടിഞ്ഞു കൂടിയതോടെ സരോവരം ബയോപാർക്കിലെ ബോട്ടിംഗ് സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ദുർഗന്ധം മൂലം സഞ്ചാരികൾക്ക് ഇതിലൂടെ മൂക്ക്പൊത്തിയല്ലാതെ സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
ഇടക്കാലത്ത് പരിശോധന ശക്തമാക്കിയതോടെ ഇത്തരം പ്രവൃത്തികൾ കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ വീണ്ടും പഴയത് പോലെയായതായി പരിസരവാസികൾ പറയുന്നു.
@പ്രവൃത്തി പാതിവഴിയിൽ
കനാൽ നവീകരണവുമായി ബന്ധപ്പെട്ട് മൂരിയാട് മുതൽ എരഞ്ഞിപ്പാലം വരെയും കുണ്ടുപറമ്പ് മുതൽ എരഞ്ഞിക്കൽ വരെയും ആഴം കൂട്ടൽ പൂർത്തിയായിരുന്നു. അക്വാറ്റിക് ഷെഡർ ഉപയോഗിച്ച് ഇവിടങ്ങളിലെ കുളവാഴകളും മുറിച്ചുനീക്കിയിരുന്നു. എന്നാൽ പിന്നീട് തുടർ നടപടികൾ ഇല്ലാതായതോടെ പഴയപടിയായി. എരഞ്ഞിപ്പാലം മുതൽ കുണ്ടുപറമ്പ് വരെ കനാലിന് സംരക്ഷണഭിത്തി കെട്ടുന്ന പ്രവൃത്തിയും പൂർത്തിയാക്കാനുണ്ട്. ജലസേചനവകുപ്പാണ് ജോലി ഏറ്റെടുത്തത്. കനാലിന്റെ നവീകരണ പ്രവൃത്തി വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(ക്വിൽ) ന്റെ കീഴിലാണ് നടത്തുന്നത്. കനോലി കനാലിൽ 11.2 കിലോമീറ്റർ ദൂരപരിധിയിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്.