
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനും വ്യവസായിയുമായ രത്തൻ ടാറ്റ 2021ലെ എമിരിറ്റസ് കിസ്സ് ഹ്യുമാനിറ്റേറിയൻ അവാർഡ് ഏറ്റുവാങ്ങി. മുംബൈയിലുളള രത്തൻ ടാറ്റയുടെ വസതിയിൽ നടന്ന പരിപാടിയിൽ കെ.ഐ. ഐ. ടി കിസ്സ് സ്ഥാപകൻ അച്യുത സാമന്തയാണ് അവാർഡ് സമ്മാനിച്ചത്. ലോകമെമ്പാടുമുള്ള മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനായി സമർപ്പിച്ച കെ.ഐ.ഐ.ടിയുടെയും കിസ്സിന്റെയും പരമോന്നത ബഹുമതിയാണ് ഈ അവാർഡ്. 2021 ലാണ് അവാർഡ് പ്രഖ്യാപിച്ചത്, എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ടാറ്റയ്ക്ക് അവാർഡ് സ്വീകരിക്കാനായില്ല.
ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണിതെന്നും രത്തൻ ടാറ്റ പറഞ്ഞു. ചടങ്ങിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ,ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ് തുടങ്ങിയവർ പങ്കെടുത്തു.