കോഴിക്കോട്: നീതി വൈകുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത
റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ അഞ്ചുദിവസമായി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ സമരം നടത്തിയിട്ടും പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിലാണ് ഇന്നലെ മാനാഞ്ചിറ റോഡിലേക്ക് സമരം മാറ്റിയത്. പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജി കെ.സേതുരാമന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചാലേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് അതിജീവിത.
അതേസമയം, വിവരാവകാശ കമ്മിഷന് താൻ നൽകിയ പരാതിയിൽ, സിറ്റി പൊലീസ് കമ്മിഷണർക്ക് നോട്ടീസ് അയയ്ക്കുമെന്നും അടുത്ത സിറ്റിംഗിൽ പരിഗണിക്കുമെന്നും കമ്മിഷൻ ഓഫീസ് അറിയിച്ചതായി അതിജീവിത പറഞ്ഞു. അതിനിടെ അതിജീവിത ഉത്തരമേഖല ഐ.ജി കെ.സേതുരാമനെ കണ്ടു. മൊഴിയെടുത്ത ഡോ. പ്രീതി സാക്ഷിയായതിനാൽ കോടതിയെ സമീപിച്ചശേഷം മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകുന്ന കാര്യം അറിയിക്കുമെന്ന് ഐ.ജി അറിയിച്ചു. എന്നാൽ റിപ്പോർട്ട് ലഭിക്കുംവരെ സമരവുമായി മുന്നോട്ടു പോകുമെന്ന് അതിജീവിത വ്യക്തമാക്കി.