
കേരളം ഒരുപാട് തിരഞ്ഞെടുപ്പുകൾ കണ്ടിട്ടുണ്ട്. പക്ഷേ, ഇത്രയും വിവാദങ്ങളും ആക്ഷേപശരങ്ങളും സൈബർ യുദ്ധവും കളം നിറഞ്ഞൊരു തിരഞ്ഞെടുപ്പ് ആദ്യമാകും. പതിവായി വികസനവും സർക്കാർ വിരുദ്ധതയുമാണ് സംസ്ഥാനത്ത് വോട്ടുചർച്ച ആകാറുള്ളതെങ്കിൽ ഇത്തവണ ആരോപണ- പ്രത്യാരോപണങ്ങളുടെ അങ്കത്തട്ടാണ് പോളിംഗ് ബൂത്തിലേക്കുള്ള അവസാന ചുവടുവരെ ചൂടുപിടിച്ചുനിന്നത്. ഈ വാദപ്രതിവാദങ്ങളും ആരോപണങ്ങളും മറ്റും ഏതു പക്ഷത്തിന് വോട്ടാകും, ഏതു പക്ഷത്തെ വോട്ടുകൾ ചോർത്തും?
കൊച്ചുകൊച്ച്
ഭൂകമ്പങ്ങൾ
തീപാറുന്ന മത്സരം നടക്കുന്ന വടകരയായിരുന്നു ഇത്തവണ ആരോപണ പ്രത്യാരോപണങ്ങളുടെ പ്രധാന കളരി. വടകരയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പോസ്റ്ററുകൾ വരെ തയ്യാറാക്കിക്കഴിഞ്ഞ്, കെ. മുരളീധരന്റെ തൃശ്ശൂരിലേക്കുള്ള ചുവടുമാറ്റം യു.ഡി.എഫ് പാളയത്തെ അങ്കലാപ്പിലാക്കിയതിനിടയിലാണ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായി സി.പി.എം പ്രവർത്തൻ മരിക്കുന്നത്. അത് വടകരയിൽ മാത്രമല്ല, കേരളത്തിലങ്ങോളം തിരഞ്ഞെടുപ്പ് ചർച്ചയായി.
ടി.പി വധവും തുടർ കോടതി വിധികളുമായി കളത്തിലിറങ്ങിയ ഷാഫിക്കും അത് നല്ല വടിയായി. അതങ്ങനെ ചൂടുപിടിച്ച് മുന്നോട്ടു പോകുമ്പോൾ ഇടതു സ്ഥാനാർഥി കെ.കെ. ശൈലജ മറ്റൊരു ബോംബ് പൊട്ടിച്ചു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു! കേരളത്തിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വരെ അതേറ്റുപിടിച്ചു. ശൈലജ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി. ഷാഫി തിരിച്ചും. കേസിൽ അറസ്റ്റുകൾവരെ ഉണ്ടായി.
വിജയനും
രാഹുലും
ഏതാണ്ട് ഒരുമാസത്തോളമായി രാഹുൽ- പിണറായി യുദ്ധം തുടങ്ങിയിട്ട്. രാജ്യത്ത് മോദി രണ്ടു മുഖ്യമന്ത്രിമാരെ ജയിലിലടച്ചിട്ടും കേരള മുഖ്യമന്ത്രിയോട് എന്താണ് സോഫ്ട് കോർണർ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. പിന്നീടങ്ങോട്ട് ദിവസവും പരസ്പരം വെല്ലുവിളിയായി. തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാത്ത സങ്കടവുംകൊണ്ടു നടക്കുന്ന രാഹുൽ മോദിക്കെതിരെ ഒന്നും മിണ്ടാത്തത് എന്തെന്നായിരുന്നു പിണറായിയുടെ തിരിച്ചടി. അതിനുള്ള രാഹുലിന്റെ മറുപടി, പിണറായി തന്നെ ആക്രമിക്കുമ്പോൾ മോദിയെ വെറുതെ വിടുന്നത് പരസ്പര ധാരണയുടെ പുറത്തെന്നായിരുന്നു. കേരളത്തിലങ്ങോളം ഇരുപാർട്ടിയുടെയും നേതാക്കൾ ഇത് ഏറ്റുപിടിച്ചു.
പൗരത്വം എന്ന
തുറുപ്പുചീട്ട്
കേരളത്തിൽ എൻ.ഡി.എ ഒഴികെ ഇരുമുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരേപോലെ ഉയർത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. പകൽ റാലികളും രാത്രി റാലികളുമായി ഇരുപക്ഷവും ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാൻ പൗരത്വത്തെ ആയുധമാക്കി. കേരളത്തിന്റെ മുസ്ലിം മനസ്സ് ഏതു മുന്നണിയിലേക്ക് ചാഞ്ചാടും എന്നതിൽ ഇത്തവണ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളും കാരണമാകും.
ചെറിയ സിനിമയല്ല
കേരളാ സ്റ്റോറി
തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾക്കിടെ വിവാദചിത്രം- കേരള സ്‌റ്റോറിയുടെ പ്രദർശനവുമായി ഇടുക്കി രൂപത രംഗത്തെത്തിയത് കേരളത്തിലെ ഇടത്- വലത് കക്ഷികളുടെ വലിയ പ്രതിഷേധത്തിനിടയാക്കി. സംഘപരിവാറിനു വേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും ഇതൊന്നും കേരളീയ മനസ്സിൽ വിലപ്പോകില്ലെന്നും നേതാക്കൾ പ്രചാരണ വേദികളിൽ ഉന്നയിച്ചു. ഇടുക്കി രൂപതയ്ക്കു പിന്നാലെ താമരശ്ശേരി, തലശ്ശേരി രൂപതകളും ചിത്രം ഏറ്റെടുത്തു.
കേരളത്തിലെ ക്രിസ്ത്യൻ വോട്ടുകൾക്ക് പതിവു വിട്ടുള്ള ചാഞ്ചാട്ടമുണ്ടാകുമോ എന്ന ചോദ്യമാണ് കേരള സ്‌റ്റോറി പ്രദർശനം ഉയർത്തുന്നത്. കേരള സ്റ്റോറി പ്രദർശനത്തിനു പിന്നാലെ കേരളത്തിലെത്തിയ നരേന്ദ്ര മോദി ബിഷപ്പുമാരെ സന്ദർശിച്ചതും, സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ അരമനകൾ കയറിയിറങ്ങിയതും കേരള സ്റ്റോറിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പേടിപ്പിച്ച്
സമസ്ത
ലീഗിന്റെ പരമ്പരാഗത വോട്ടു ബാങ്ക് ആയ സമസ്തയുടെ ചാഞ്ചാട്ടമാണ് ഇത്തവണ മുസ്ലീം ലീഗിന്റേയും യു.ഡി.എഫിന്റേയും പേടി. അവസാന ലാപ്പിൽ സമസ്ത സെക്രട്ടറി ഉമർഫൈസി സാദിഖലി തങ്ങളെയും പി.എം.എ സലാമിനേയും വിമർശിച്ചതും സമസ്ത മുഖപത്രം തുടർച്ചയായി എൽ.ഡി.എഫ് പരസ്യം പ്രസിദ്ധീകരിച്ചതും ലീഗുകാർ സുപ്രഭാതം കത്തിച്ചതുമെല്ലാം ഈ പോര് രൂക്ഷമാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളിലും ഭൂരിപക്ഷം ഇടിക്കുന്നതിലും സമസ്ത ഒരു ഘടകമായേക്കും.
അവിടെയും
ഇവിടെയും
ഇന്ത്യാ മുന്നണിയുടെ പ്രധാന നേതാവായ രാഹുൽ ഗാന്ധി രണ്ടാംവട്ടവും വയനാട്ടിലേക്കിറങ്ങിയത് തുടക്കം മുതൽ ഇടത്-വലത് യുദ്ധമായി. രാജ്യവ്യാപകമായി ഇടതുപക്ഷവും ഇന്ത്യാ മുന്നണിയുടെ ഭാഗമാകുമ്പോൾ ഇത്തവണ രാഹുലിന് വയനാട് ഒഴിവാക്കാമായിരുന്നു എന്നാണ് ഇടതു വിമർശനം. മാത്രമല്ല, രാഹുലിനെതിരെ മത്സരിക്കുന്നതാകട്ടെ ദേശീയ തലത്തിൽ പേരുകേട്ട ഇടതു നേതാവ് ആനി രാജയും. ഇടതിനൊപ്പം എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനും കൂട്ടരും ഇത് വലിയ പ്രചാരണായുധമാക്കി. ഇന്ത്യാ സഖ്യം പൊളിഞ്ഞെന്ന് മോദി വരെ കളിയാക്കി.
പൂരം കലക്കി
മീൻപിടിത്തമോ?
പതിവുവിട്ട് ഇത്തവണ ഒട്ടും പ്രതീക്ഷിക്കാതെ തൃശ്ശൂർ പൂരം കലങ്ങിയതും വലിയ ചർച്ചയായി. മുഖം രക്ഷിക്കാൻ കമ്മിഷണറെ മാറ്റാൻ ഇടതു സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയെങ്കിലും തീപാറും ത്രികോണ പോരാട്ടം നടക്കുന്ന തൃശ്ശൂരിന്റെ ഗതിവിഗതികളെ ഇത് ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
രാജസ്ഥാനിലെ
മഹാബോംബ്
അവസാന ലാപ്പിലാണ് പ്രധാന മന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ വെടിപൊട്ടിച്ചത്. അനർഹമായി മുസ്ലീം വിഭാഗത്തിനായി കോൺഗ്രസ് വികസനം അട്ടിമറിക്കുന്നെന്ന പ്രസംഗം ഉത്തരേന്ത്യയെക്കാൾ പിടിച്ചുകുലുക്കിയത് കേരളത്തെയാണ്. ഇടതും വലതും മോദിയെ മുൻനിറുത്തി മുസ്ലീം വിഭാഗത്തെ ആശ്വസിപ്പിച്ച് വോട്ടുപിടിക്കാനും തുടങ്ങി.
അൻവറിന്റെ
കെണി
വിവാദ പ്രസംഗങ്ങളുടെ രാജാവാണ് പണ്ടേ പി.വി. അൻവർ. പിണറായി വിജയനെ സന്തോഷിപ്പിക്കാനാണെങ്കിലും,രാഹുലിനെ ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കണമെന്ന അൻവറിന്റെ പരാമർശം കോൺഗ്രസിനെയും ലീഗിനെയും വല്ലാതെ പൊള്ളിച്ചിട്ടുണ്ട്. ഇടതു സ്ഥാനാർഥികൾക്ക് മലപ്പുറത്തു കിട്ടാനുള്ള വോട്ടുകൂടി അത് വെള്ളത്തിലാക്കുമെന്നാണ് അടക്കം പറച്ചിൽ.
ദല്ലാളും ചില
ഇടപാടുകളും
പതിവായി തിരഞ്ഞെടുപ്പ് കാലത്ത് ബോംബും കൊണ്ടിറങ്ങുന്നത് ദല്ലാൾ നന്ദകുമാറിന്റെ രീതിയാണ്. ദല്ലാളിനെ ആരിറക്കുന്നു എന്നചോദ്യം എക്കാലവും ബാക്കി! ഇത്തവണ ശോഭാ സുരേന്ദ്രനും അനിൽ ആന്റണിയും പണംവാങ്ങിയെന്നാണ് ആരോപണം. രണ്ടുപേരും ഇത് പുച്ഛിച്ചു തള്ളിയെങ്കിലും അവസാന വേളയിൽ അതും ചർച്ചയായി.
വിവാദങ്ങളുടെ പട്ടിക ഇങ്ങനെ നീളുമ്പോൾ ഓരോ മണ്ഡലത്തിലും ചെറിയ ചെറിയ വാദങ്ങളും വിവാദങ്ങളും ആരോപണങ്ങളും വേറെയുമുണ്ടായിട്ടുണ്ട്. ഇതെല്ലാം ആർക്കൊക്കെ ഗുണം ചെയ്യുമെന്നും, ആർക്കൊക്കെ ദോഷം ചെയ്യുമെന്നും അറിയാൻ ജൂൺ നാലുവരെ കാക്കണം.