
കോഴിക്കോട്: 2019 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ജനസാഗരത്തെ പിടിച്ചിരുത്തിയ വി.എസ്. അച്യുതാനന്ദൻ സജീവമാകാത്ത ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിലായിരുന്നു വി.എസിന്റെ അവസാന പ്രസംഗം. അതിന് ആറുമാസം മുമ്പു നടന്ന 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം വി.എസ് പ്രചാരണത്തിനെത്തിയിരുന്നു. പക്ഷാഘാതത്തെ തുടർന്ന് മകന്റെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് വി.എസ്.
കുഞ്ഞൂഞ്ഞ് തന്ത്രം മാഞ്ഞു
യു.ഡി.എഫിനെ പതിറ്റാണ്ടുകൾ നയിച്ച ഉമ്മൻ ചാണ്ടിയുടെയും കെ.എം. മാണിയുടെയും വിടവ് ഇന്നും മുന്നണിക്ക് നികത്താനായിട്ടില്ല. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് തൊണ്ടുമുമ്പ് ഏപ്രിൽ ഒമ്പതിനാണ് കെ.എം. മാണി ഓർമ്മയായത്. അതേസമയം അരനൂറ്റാണ്ടായി കേരളത്തിലെ കോൺഗ്രസിന്റെ പോരാട്ടങ്ങളുടെ ചരട് ഉമ്മൻചാണ്ടിയുടെ കൈയിലായിരുന്നു. കെ. കരുണാകരനും എ.കെ. ആന്റണിയും അരങ്ങുവാഴുമ്പോഴും ഉമ്മൻചാണ്ടിയുടെ വാക്കും ഇടപെടലുകളും കോൺഗ്രസിന് കരുത്തായിരുന്നു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ഉമ്മൻചാണ്ടി കളം നിറഞ്ഞിരുന്നു. 2023 ജൂലായ് 18നാണ് ഉമ്മൻചാണ്ടി ഓർമ്മയായത്.
ഓർമ്മയിലെരിഞ്ഞ് കോടിയേരി
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനില്ലാത്ത ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പുമിതാണ്. പിണറായി വിജയൻ നയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം രണ്ടാമൻ കോടിയേരി ബാലകൃഷ്ണനായിരുന്നു. സി.പി.എം പ്രതിസന്ധികളിലായപ്പോഴെല്ലാം ചിരിച്ചുകൊണ്ട് നേരിട്ട കോടിയേരിയുടെ വിടവാങ്ങൽ പൊടുന്നനെയായിരുന്നു. 2022 ഒക്ടോബർ ഒന്നിനാണ് കോടിയേരി ഓർമ്മയായത്. കോടിയേരിയുടെ അഭാവം പാർട്ടിയിൽ ഇപ്പോഴും പ്രകടം.
മക്കൾക്കു നേരെ ആരോപണങ്ങളുണ്ടായപ്പോൾ, മക്കളും പാർട്ടിയും രണ്ടാണെന്ന് ആർജവത്തോടെ വിളിച്ചുപറഞ്ഞ നേതാവായിരുന്നു കോടിയേരി.
കനലോർമ്മയായി കാനം
എന്നും സി.പി.ഐയുടെയും എൽ.ഡി.എഫിന്റെയും കുന്തമുനയായിരുന്ന കാനം രാജേന്ദ്രനുമില്ലാത്ത ലോക്സഭാ തിരഞ്ഞെടുപ്പാണിത്. 2023 ഡിസംബർ എട്ടിനായിരുന്നു ആ വിടവാങ്ങൽ. ശരിയല്ലാത്തത് ആര് ചെയ്താലും കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെ കാനം നേരിട്ടു. തിരഞ്ഞെടുപ്പുകളിൽ കാനത്തിന്റെ വാക്കുകളെ കേരളം കാതോർത്തു. വിടവാങ്ങുംവരെ കേരളത്തിന്റെ രാഷ്ട്രീയ വിഷയങ്ങളിലെല്ലാം കാനത്തിന്റെ കൈയൊപ്പുണ്ടായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ - മുന്നണി സ്ഥാനാർത്ഥികൾ വിയർത്തൊലിച്ചോടുമ്പോൾ കാനമുണ്ടായിരുന്നെങ്കിലെന്ന് പ്രവർത്തകർ ഓർത്തുപോയി.