 
കോഴിക്കോട്: വോട്ടെടുപ്പിന് ജില്ല പൂർണ സജ്ജം. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂർവകവുമായ വോട്ടെടുപ്പ് സാദ്ധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. വടകര മണ്ഡലത്തിൽ 6,81,615 പുരുഷൻമാരും 7,40,246 സ്ത്രീകളും 22 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 14,21,883 വോട്ടർമാരും കോഴിക്കോട് മണ്ഡലത്തിൽ 6,91,096 പുരുഷൻമാരും 7,38,509 സ്ത്രീകളും 26 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 14,29,631 വോട്ടർമാരുമായി ആകെ 28,51,514 പേരാണ് വോട്ട് ചെയ്യാൻ അർഹർ. ഇവർക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206 ഉം വടകരയിൽ 1207ഉം പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ഇവയിൽ 16 എണ്ണം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും 52 എണ്ണം പോളിംഗ് ഉദ്യോഗസ്ഥരായി വനിതകൾ മാത്രമുള്ള പിങ്ക് പോളിംഗ് സ്റ്റേഷനുകളുമാണ്.
വോട്ടിംഗ് മെഷീൻ അടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മുതൽ നിയോജക മണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂർവവുമാക്കുന്നതിന് ശക്തമായ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ വൈകിട്ട് ആറു മണി മുതൽ 27ന് രാവിലെ ആറു മണി വരെ ജില്ലയിൽ സിആർപിസി 144 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം മൂന്നിൽ കൂടുതൽ പേർ കൂടിനിൽക്കുന്നതും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതും ശിക്ഷാർഹമാണ്. നിരോധന ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലയിലെ 141 പ്രശ്നസാദ്ധ്യതാ ബൂത്തുകളിലും (കോഴിക്കോട് 21, വടകര 120), മാവോവാദി ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളിലും പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന പൊലീസ് സേനയ്ക്കു പുറമെ, എട്ട് കമ്പനി സി.എ.പി.എഫ്, മൈക്രോ ഒബ്സർമാർ എന്നിവരെ അധികമായി നിയോഗിച്ചിട്ടുണ്ട്.
@ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്
കള്ളവോട്ട്, ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വോട്ട് ചെയ്യാനെത്തുന്നയാൾ ബൂത്തിൽ പ്രവേശിക്കുന്നതു മുതൽ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവൻ ദൃശ്യങ്ങളും സിസി.ടി.വി ക്യാമറ വഴി കൺട്രോൾ റൂമിൽ നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങൾ ജില്ലാ കളക്ടറേറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
@ എ.എസ്.ഡി മോണിറ്ററിംഗ് ആപ്പ്
വോട്ടർപട്ടികയിൽ ചിലയിടങ്ങളിൽ ഇരട്ടവോട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തട്ടിപ്പുകൾ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എ.എസ്.ഡി മോണിറ്റർ ആപ്പിന്റെ സേവനം ബൂത്തുകളിൽ ഉപയോഗപ്പെടുത്തും. വോട്ടർപട്ടികയിൽ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവർ വോട്ട് ചെയ്യാനെത്തിയാൽ ഫോട്ടോ എടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യും. വീണ്ടും ഇയാൾ വോട്ട് ചെയ്യാനെത്തുകയാണെങ്കിൽ അത് കണ്ടെത്താൻ ആപ്പിന്റെ സഹായത്തോടെ സാധിക്കും. തട്ടിപ്പുകൾ കണ്ടെത്തിയാൽ അവർക്കെതരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
പോളിംഗ് സാമഗ്രികളുടെ വിതരണം
ഇന്ന് രാവിലെ എട്ടു മുതൽ
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടു മുതൽ ജില്ലയിൽ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിൽ നടക്കും. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസിൽദാർമാർക്കും വോട്ടിംഗ് മെഷീൻ, വി.വി.പാറ്റ് മെഷീൻ എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കുമാണ്. പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ശേഷം ഉദ്യോഗസ്ഥരെ പ്രത്യേകം വാഹനങ്ങളിൽ ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥരുടെ യാത്രാ വേളയിൽ പൊലീസും റൂട്ട് ഓഫീസറുമുണ്ടാകും. വിതരണ കേന്ദ്രങ്ങളിൽ വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിൽ തന്നെയാണ് സാമഗ്രികൾ തിരിച്ചേൽപ്പിക്കേണ്ടത്. സ്വീകരണ സമയത്ത് ഉണ്ടാവാൻ സാദ്ധ്യതയുള്ള തിരക്ക് ഒഴിവാക്കാനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.