കോഴിക്കോട്: രണ്ടുമാസത്തോളം നീണ്ട അതിശക്തമായ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. ഇനി ഒരുനാൾ അവസാന വോട്ടും ഉറപ്പിക്കാൻ നിശബ്ദ പ്രചാരണം. മത്സരാവേശത്തിന്റെ ചൂടറിയുന്നതായിരുന്നു ജില്ലയിലെ കൊട്ടിക്കലാശം. കോഴിക്കോട് പാളയം ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ അണിനിരന്നു. വടകര ലോക്സഭാ മണ്ഡലത്തിലെ കൊട്ടിക്കലാശം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലായിരുന്നു. കേന്ദ്രീകൃത കൊട്ടിക്കലാശത്തിനൊപ്പം ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രാദേശികമായും കൊട്ടിക്കലാശം നടന്നു.
ഇന്നലെ വൈകീട്ട് മൂന്നോടെ തന്നെ പാളയത്ത് കൊട്ടിക്കലാശത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. നാലോടെ അനുവദിച്ച സ്ഥലത്ത് കൊടിതോരണങ്ങൾ ഉയർത്തിയും ആധുനിക ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളുമായും യു.ഡി.എഫ്, എൻ.ഡി.എ, എൽ.ഡി.എഫ് മുന്നണികൾ അണിനിരന്നു. സ്ഥാനാർത്ഥികൾ എത്തുന്നതിന് മുമ്പ് തന്നെ പരസ്പരം പാട്ടുവച്ചും വർണക്കടലാസുകളും ബലൂണുകളും പറത്തി പ്രവർത്തകർ ആവേശമുയർത്തി. മണ്ഡലത്തിൽ മത്സരിക്കുന്ന എസ്.യു.സി.ഐയും പാളയത്തേക്കെത്തി. മുദ്രാവാക്യങ്ങൾ വിളിച്ചും നൃത്തം ചെയ്തും പ്രവർത്തകർ ജനാധിപത്യത്തിന്റെ ഉത്സവത്തിന് നിറം നൽകി. സുരക്ഷ ഉറപ്പാക്കാനായി ബാരിക്കേഡ് വച്ചും പൊലീസുകാരെ അണിനിരത്തിയും പൊലീസ് നിയന്ത്രണം ഏറ്റെടുത്തു. ആവേശമുയർന്നതോടെ പലപ്പോഴും നിയന്ത്രണങ്ങളിൽ നിന്ന് പൊലീസിന് പിൻവാങ്ങേണ്ടി വന്നു.
ആവേശമായി സ്ഥാനാർത്ഥികൾ
ജില്ലയിലെ യു.ഡി.എഫ് നേതാക്കൾക്കൊപ്പം 5.10ഓടെ സ്ഥാനാർത്ഥി എം.കെ. രാഘവൻ പാളയത്തെത്തി. ബൈക്ക് റാലികൾ നടത്തിയും നൃത്തം ചെയ്തും കൊടിവീശിയും ആവേശത്തിലായിരുന്ന പ്രവർത്തകർക്കിടയിലേക്ക് എം.കെ. രാഘവൻ എത്തിയപ്പോൾ മുദ്രാവാക്യങ്ങളുയർന്നു. കൈവീശി പ്രവർത്തകരെ അഭിവാദ്യം ചെയ്തും നന്ദി രേഖപ്പെടുത്തിയും വോട്ടുറപ്പിക്കാൻ ആഹ്വാനം നൽകിയും അദ്ദേഹം അൽപനേരം സംസാരിച്ചു.
അഞ്ചരയോടെ മേലേപാളയം റോഡിലൂടെ എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് കൊട്ടിക്കലാശത്തിലേക്കെത്തി. ബലൂണും വർണക്കടലാസുകളും പറത്തിയും പ്രവർത്തകർ ആവേശമുയർത്തി. മോദി ഗ്യാരണ്ടി ഉയർത്തിപ്പിടിച്ചും കോഴിക്കോടിന്റെ വികസനത്തിന് ഊന്നൽ നൽകുമെന്ന് ഉറപ്പു നൽകിയും അദ്ദേഹം സംസാരിച്ചു.
പത്ത് മിനിട്ടിന് ശേഷം 5.40ഓടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമെത്തി. ഇടതുപ്രവർത്തകർ അദ്ദേഹത്തെ ചുവന്നഹാരമണിയിച്ച് സ്വീകരിച്ചു. വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അദ്ദേഹം പ്രവർത്തകരോട് സംസാരിച്ചു.
കൃത്യം ആറിന് പരസ്യ പ്രചാരണം അവസാനിച്ചതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. സമാധാനപരമായിരുന്നു കോഴിക്കോട്ടെ കൊട്ടിക്കലാശം.